കാനഡയിലെ കുട്ടികളുടെ വംശഹത്യ; മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
World News
കാനഡയിലെ കുട്ടികളുടെ വംശഹത്യ; മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th September 2021, 10:51 pm

ഒട്ടാവ: തദ്ദേശീയ ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ വംശഹത്യ ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് കാനഡയിലെ കത്തോലിക്ക സഭ. കത്തോലിക്ക ബിഷപ്പുമാരുടെ ദേശീയ സമിതിയാണ് മാപ്പ് പറഞ്ഞത്.

കത്തോലിക്ക സഭയിലെ ചിലര്‍ നടത്തിയ വൈകാരികവും ആത്മീയവും സാംസ്‌കാരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്ക് മാപ്പ് പറയുന്നതായി കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.2008-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഈ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു.

തദ്ദേശീയ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികളെ കനേഡിയന്‍ സംസ്‌കാരവുമായി ചേര്‍ക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സഭ നടത്തിയ റെസിഡന്‍ഷ്യന്‍ സ്‌കൂളുകളിലാണ് നൂറ്റാണ്ടിലേറെ കാലം സാംസ്‌കാരിക വംശഹത്യ നടന്നത്.

കാനഡയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ നിന്ന് ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവം അന്വേഷിച്ച പ്രത്യേക സമിതി മാര്‍പ്പാപ്പ മാപ്പ് പറയണം എന്നതടക്കമുള്ള 94 ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയാനാവില്ലെന്ന് 1994-ല്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് രേഖപ്പെടുത്തുന്നത്. ജൂണ്‍ മാസത്തില്‍ സംഭവവത്തില്‍ മാര്‍പ്പാപ്പ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ മെയ് മാസം കണ്ടെത്തിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. അതിനു പിന്നാലെ ഇതിനടുത്തുള്ള ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍സ് സ്‌കൂളിന് സമീപം 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

അതിനു ശേഷം നടന്ന തെരച്ചിലുകളില്‍ റെസിഡന്‍ഷ്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ഇതുവരെ ആയിരത്തോും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Child genocide in Canada; The Catholic Church apologizes