സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് നവ കേരള സദസിലെ ജനപങ്കാളിത്തം : മുഖ്യമന്ത്രി
Kerala News
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് നവ കേരള സദസിലെ ജനപങ്കാളിത്തം : മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 11:24 am

കാസര്‍ഗോഡ് : 2016 മുതല്‍ ഉള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് നവ കേരള സദസിന്റെ ഉദ്ഘാടനത്തിന് ലഭിച്ച ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി. കേരളം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും നികുതി വരുമാനത്തിലും ഉല്‍പാദനത്തിലും വലിയ വളര്‍ച്ച നേടുമ്പോഴും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് പ്രതിപക്ഷം സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങളില്‍ നിന്ന് യഥാര്‍ത്ഥ സ്ഥിതി മറച്ചുവെക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ മറച്ചു വെച്ച യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു ജനനാധിപത്യ സര്‍ക്കാരിന്റെയും കടമയാണ്. ആ കടമ നിര്‍വഹിക്കലാണ് നവ കേരള സദസ്സിന്റെ ലക്ഷ്യം,’ മുഖ്യമന്ത്രി പറഞ്ഞു.

‘ഇന്നലെ 1908 പരാതികളാണ് ഉദ്ഘാടന വേദിയില്‍ വെച്ച് ലഭിച്ചത് . അവ വേര്‍തിരിച്ച് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.ഇന്നലത്തെ പരിപാടിയിലെ സ്ത്രീകളുടെ സാന്നിധ്യം സര്‍ക്കാരിന്റെ സ്ത്രീപക്ഷ നയങ്ങള്‍ക്കുള്ള പിന്തുണയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയ്ക്ക് നീതിപീഠം പരമാവധി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും അക്ഷീണമായ പ്രവര്‍ത്തനമാണ് തടത്തിയത്. കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപ്പെട്ടത് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഉറപ്പക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്വീകരിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

CONTENT HIGHLIGHT : chief munister pinarayi vijayans press meet