അയോധ്യാക്കേസില്‍ വിധി പറയുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
Ayodhya Case
അയോധ്യാക്കേസില്‍ വിധി പറയുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 12:09 am

അയോധ്യാക്കേസില്‍ സുപ്രീം കോടതി നാളെ അന്തിമ വിധി പറയാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. നാളെ മുതല്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഗൊഗോയ് അടങ്ങുന്ന അഞ്ചംഗ ബെഞ്ചായിരുന്നു ഒക്ടോബര്‍ 16 വരെ 40 ദിവസം നീണ്ടുനിന്ന വിചാരണ കേട്ടത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരായിരുന്നു ഗൊഗോയിക്കൊപ്പം ബെഞ്ചിലുണ്ടായിരുന്നത്. ഇവരുടെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

യു.പിയില്‍ ക്രമസമാധാനം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗൊഗോയ് വെള്ളിയാഴ്ച രാവിലെ യു.പി ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരിയുമായും ഡി.ജി.പി ഓം പ്രകാശ് സിങുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൊഗോയിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

അതേസമയം വിധി വരാനിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ കാസര്‍കോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡി.ജി.പി എസ്.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി.

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.

സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ നേരത്തേതന്നെ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെമുതല്‍ മൂന്നുദിവസത്തേക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ 10 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ബെംഗളൂരു നഗരത്തിലും മധ്യപ്രദേശിലെ ഭോപ്പാലിലും നാളെ നിരോധനാജ്ഞയാണ്. രാവിലെ ഏഴിനു തുടങ്ങുന്ന നിരോധനാജ്ഞ അര്‍ധരാത്രി വരെ നീളും. ബെംഗളൂരുവില്‍ മദ്യഷോപ്പുകള്‍ നാളെ അടഞ്ഞുകിടക്കും.

മധ്യപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ അലിഗഢില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റാണ് ഇക്കാര്യം അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ