എഡിറ്റര്‍
എഡിറ്റര്‍
‘അച്ഛേ ദിന്‍ എന്ന് മോദി വരെ ഇപ്പോള്‍ പറയാറില്ല, അതിപ്പോള്‍ കേട്ടാല്‍ ജനം ചിരിക്കും’ പരിഹാസവുമായി ചിദംബരം
എഡിറ്റര്‍
Sunday 29th October 2017 1:43pm


ന്യൂദല്‍ഹി: തങ്ങള്‍ അധികാരത്തില്‍വന്നാല്‍ ജനങ്ങള്‍ക്ക് അച്ഛേദിന്‍ വരുമെന്ന മോദി സര്‍ക്കാര്‍ മുദ്രാവാക്യത്തെ രൂക്ഷമായി പരിഹസിച്ച് പി. ചിദംബരം. മോദി പോലും ഇപ്പോള്‍ ആ വാക്ക് ഉപയോഗിക്കാറില്ലെന്നും അതുകേട്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം.

ദ വയറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കാലം വന്നതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ, മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Also Read: ‘ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വ്വകാല സംഘിയാണ്’ രവീന്ദ്രനാഥ് വിഷയത്തില്‍ അനില്‍ അക്കരെയ്‌ക്കെതിരെ പി.എം മനോജ്


‘പ്രധാനമന്ത്രിവരെ അച്ഛേദിന്നിനെക്കുറിച്ച് പറയാറില്ല. അദ്ദേഹത്തിന്റെ റാലിയില്‍ അദ്ദേഹം ‘അച്ഛേ ദിന്‍ ആനേ വാലീ ഹേ’ (നല്ലദിനം വരും) എന്ന് ഇപ്പോള്‍ പറയാറില്ല. അദ്ദേഹം ആ വാക്ക് ഉപേക്ഷിച്ചിരിക്കുന്നു. കുറച്ചുമാസം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പറഞ്ഞ് പിന്നീട് അത് കുഴിച്ചുമൂടിയിരുന്നു. അതുപോലെ അച്ഛേ ദിന്നും ഇപ്പോള്‍ കുഴിച്ചുമൂടിയിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

‘ഇന്ന് അച്ഛേദിന്‍ എന്ന് മോദി പറഞ്ഞാല്‍ ആളുകള്‍ ചിരിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ആ വാഗ്ദാനങ്ങളൊന്നും സര്‍ക്കാറിന് പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അറിയുന്നതിനാല്‍ അദ്ദേഹം അച്ഛേദിന്നിനെക്കുറിച്ച് മിണ്ടാറില്ല.’ ചിദംബരം വ്യക്തമാക്കി.

‘അടുത്തിടെയായി അദ്ദേഹം മറ്റുചില കാര്യങ്ങളാണ് പറയുന്നത്. സ്വച്ഛ് ഭാരത് പോലുള്ളവ.’ ചിദംബരം കൂട്ടിച്ചേര്‍ത്തു.

മുദ്രാവാക്യം മാത്രമാണ് മോദി കൊണ്ടുവരുന്നതെന്നും ചിദംബരം പറഞ്ഞു. ഒരു മുദ്രാവാക്യം കൊണ്ടുവന്ന് അതു കുഴിച്ചുമൂടി മറ്റൊന്നു കൊണ്ടുവരും. ‘മുദ്രാവാക്യങ്ങള്‍ക്ക് സമ്പദ് വളര്‍ച്ചയെ ത്വരിതപ്പെടുത്താനാകുമെങ്കില്‍, സര്‍ക്കാറിനെ നിലനിര്‍ത്താനാവുമെങ്കില്‍ ഇന്ത്യ തിളങ്ങുന്നു എന്നത് വാജ്‌പേയ് സര്‍ക്കാറിനെ നിലനിര്‍ത്തണമായിരുന്നു. അതുണ്ടായിട്ടില്ല.’ അദ്ദേഹം പറയുന്നു.

Advertisement