എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ അവകാശമില്ലേ ? മോദിക്ക് മറുപടിയുമായി ചിദംബരം
എഡിറ്റര്‍
Monday 23rd October 2017 2:30pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ അധികാരമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉള്ളതെന്നും ജനങ്ങളിനി കമ്മീഷന് മുന്നില്‍ യാചിക്കണമോയെന്നും ചിദംബരം ചോദിച്ചു.

തെരഞ്ഞടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അധികാരമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചിദംബരം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ചിദംബരം നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഗുജറാത്തിലെ തന്റെ അവസാനത്തെ റാലിക്ക് ശേഷം മോദി അത് പ്രഖ്യാപിക്കുമെന്നും സംസ്ഥാനത്തിനുള്ള എല്ലാ പ്രഖ്യാപനങ്ങളും അതിനുമുന്‍പായി മോദി നടത്തുമെന്നും ചിദംബരം വിമര്‍ശിച്ചിരുന്നു.


Read more:  ‘ഇനി മുതല്‍ പേയിങ് ഗസ്റ്റായി പശുവും’; കന്നുകാലികള്‍ക്ക് ഹോസ്റ്റല്‍ ആരംഭിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍


മോദിയുടെ സന്ദര്‍ശനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായമൊരുക്കുന്നതിനുവേണ്ടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെയടക്കം ഗുജറാത്തില്‍ മോദി നടത്തിക്കൊണ്ടിരിക്കുന്നത്.

നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും മോദി വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 1,140 കോടി രൂപയുടെ പദ്ധതിയുടെ പ്രഖ്യാപനമാണ് മോദി നടത്തിയത്. നേരത്തെ ദിപാവലി ദിനത്തില്‍ ഗുജറാത്തിലെ പൊതുപരിപാടിയില്‍ താനൊരുദിവസം കൊണ്ട് 3650 കോടി രൂപയുടെ പദ്ധതികളാണ് വഡോദരയില്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.

അതേസമയം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ‘പ്രധാനപ്പെട്ട തീരുമാനങ്ങള്‍’ ഇനിയും പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞിരുന്നു.

Advertisement