എഡിറ്റര്‍
എഡിറ്റര്‍
ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളത്തിന്റെ ‘മുന്നറിയിപ്പ്’
എഡിറ്റര്‍
Saturday 6th September 2014 5:24pm

munnariypp

കൊച്ചി: ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മുന്നറിയിപ്പ് ‘ ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഏഷ്യന്‍ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെയാണ്.

ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തേത്. ലയേര്‍സ് ഡൈസ്, ക്രോസിങ് ബ്രിഡ്ജ്, ഹിറ്റ് ദ റോഡ്, എം ക്രീം, കഫല്‍-വൈല്‍ഡ് ബെറീസ്, അല്‍ഗരിതം, ഫാന്റ്രി, ബ്രാഹ്മിന്‍ ബുള്‍സ്, മണ്‍സൂണ്‍ ഷൂട്ടൗട്ട്, കാതിയബാസ്, മിത്ര ആന്‍ഡ് പര്‍പ്പിള്‍ സ്‌കൈസ്, ദ ഫേഡിങ് വാലി, ഫോറിങ്, ആന്‍ഖോം ദേഖി എന്നീ പതിനഞ്ച് ചിത്രങ്ങളാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത് നിര്‍മിച്ച ‘മുന്നറിയിപ്പ് ‘ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്. സി.കെ രാഘവന്‍ എന്ന ജയില്‍പ്പുള്ളിയായെത്തുന്ന മമ്മൂട്ടിയെ അന്വേഷിച്ചെത്തുന്ന പത്രപ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥും അഭിനയിക്കുന്നു.

നെടുമുടി വേണു, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍. ‘ദയ’ എന്ന സിനിമയ്ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേണു തന്നെയാണ് ഛായാഗ്രഹണം. ഭാര്യ ബീന പോള്‍ എഡിറ്റിങ്ങും.

Advertisement