കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ രേഖ ചമച്ചു; ടൂള്‍ക്കിറ്റ് വിവാദത്തില്‍ സംപിത് പത്രക്കെതിരെ സമന്‍സ്
national news
കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ രേഖ ചമച്ചു; ടൂള്‍ക്കിറ്റ് വിവാദത്തില്‍ സംപിത് പത്രക്കെതിരെ സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd May 2021, 1:55 pm

റായ്പൂര്‍: ടൂള്‍ക്കിറ്റ് വിവാദത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയ്‌ക്കെതിരെ സമന്‍സ് അയച്ച് ഛത്തീസ്ഗഡ് പൊലീസ്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റായ്പൂര്‍ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ടൂള്‍ക്കിറ്റ് വിവാദത്തില്‍ സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ നല്‍കിയ പരാതിയിലാണ് പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹാജരാകണമെന്നാണ് പൊലീസ് സംപിത് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന്റെ തോല്‍വി മറച്ചുവെച്ച് അതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം. ടൂള്‍കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. സംപിത് പത്രയുടെ ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം. നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Chhattisgarh Police summoned against BJP spokes person Sampith Pathra