നിമിഷ ടോം
നിമിഷ ടോം
Labour Right
ഗാന്ധിയുടെ മാത്രം പിന്മുറക്കാരല്ല ഞങ്ങള്‍, സുഭാഷ് ചന്ദ്രബോസിന്റേയും ഭഗത് സിങിന്റേയും കൂടിയാണ്, അധികാരികള്‍ മറക്കണ്ട; സ്വകാര്യ നേഴ്സിങ് മേഖല പ്രക്ഷോഭത്തിലേക്ക്
നിമിഷ ടോം
Monday 12th February 2018 6:59am

ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുന്‍പില്‍ ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിച്ചാര്‍ജ്ജില്‍ നാല് നഴ്സുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേര്‍ത്തലയില്‍ നഴ്‌സുമാര്‍ 175 ദിവസമായി തുടരുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ടാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുന്‍പില്‍ നഴ്‌സുമാര്‍ ദേശീയപാത ഉപരോധിച്ചത്. തുടര്‍ന്ന് എറണാകുളം-ആലപ്പുഴ ദേശീയപാതയില്‍ ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.

പോലീസ് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശിയത്. എന്നാല്‍ ഉപരോധം അവസാനഘട്ടത്തിലേക്ക് നീങ്ങവേ പ്രകോപനമില്ലാതെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ബലപ്രയോഗവും ലാത്തിച്ചാര്‍ജ്ജും നടത്തിയതെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

 

ഏറ്റവും ഒടുവിലെ ശ്രമമെന്നോണം തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ യുണൈറ്റൈഡ് നേഴ്സസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. അതും പരാജയപ്പട്ടതോടെയാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ശക്തമാക്കിയത്. മന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. മുഴുവന്‍ നഴ്സുമാരേയും തിരിച്ചെടുക്കണമെന്ന യു.എന്‍.എ യുടെ ആവശ്യം ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചില്ല.

അതേസമയം ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെ.വി.എം. ആശുപത്രിക്കു മുന്‍പില്‍ യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസവും പൂര്‍ത്തിയാക്കി. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് യു.എന്‍.എ നേതൃത്വം പറയുന്നത്.

 

‘ഈ മാസം 15 മുതല്‍ സ്വകാര്യ മേഖലയിലെ നേഴ്സ്മാര്‍ പണിമുടക്കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന് ഇരുപത്തി അയ്യായിരം നേഴ്സ്മാര്‍ ചേര്‍ത്തലയില്‍ റോഡ് ഉപരോധിക്കും. സമരം ശക്തമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം’ യുണൈറ്റൈഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.

സമരത്തോട് ഒരു തരത്തിലും ഐക്യസമീപനം സ്വീകരിക്കാതെ കെ.വി.എം ആശുപത്രി മാനേജ്മെന്റിന് പിന്തുണയുമായി ആശുപത്രി ഉടമകളുടെ സംഘടന മുന്നോട്ട് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സംസ്ഥാന വ്യാപകമായി പണിമുടക്ക് അടക്കമുള്ള സമര മാര്‍ങ്ങളിലേക്ക് തിരിയുമെന്നും യു.എന്‍.എ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഏതുസമയവും വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. തൊഴില്‍ നിയമങ്ങളും ആരോഗ്യ മേഖലയിലെ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കെ.വി.എം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത ചര്‍ച്ച ആലപ്പുഴ കേന്ദ്രീകരിച്ച് നടത്താമെന്നാണ് സര്‍ക്കാര്‍ നഴ്സുമാരെ അറിയിച്ചിരിക്കുന്നത്.

2017 ഓഗസ്റ്റ് 21നാണ് കെ.വി.എം ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആശുപത്രി പ്രവര്‍ത്തനം സമരം കാരണം നിലയ്ക്കരുത് എന്ന ഉദ്ദേശത്തോടെ അത്യാഹിത വിഭാഗത്തിലേയും ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിലെ ജീവനക്കാരെ ഒഴിവാക്കിയാണ് സമരം നടത്തിയിരുന്നത്.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട രണ്ട് നേഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് പിരിച്ച് വിട്ടതോടെയാണ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായത്. ഒരുഘട്ടത്തില്‍ നേഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് കെ.വി.എം ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആശുപത്രിക്ക് മുന്നില്‍ നടന്നിരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടേയും ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടേയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഈ ശ്രമവും വിജയിച്ചില്ല. ശമ്പള വര്‍ദ്ധനവും ജോലിയിലെ ഷിഫ്റ്റ് രീതിയും യഥാക്രമം പുന:ക്രമീകരിച്ചെന്നും എല്ലാ ആനുകൂല്യങ്ങളും നേഴ്സുമാര്‍ക്ക് ആശുപത്രി നല്‍കുന്നുണ്ടെന്നുമായിരുന്നു മാനേജ്മെന്റ് വാദം. നിയമപരമായി പരിശീലനം പൂര്‍ത്തിയാക്കി സേവനം അവസാനിപ്പിച്ച നേഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡയറക്ടര്‍ ഡോ. വി.വി.ഹരിദാസ് പറഞ്ഞിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ നേഴ്സ്മാരെ തിരിച്ചെടുക്കില്ലെന്നും ആറുമാസത്തിന് ശേഷം മാത്രമേ ഇക്കാര്യം വീണ്ടു പരിശോധിക്കൂ എന്നുമാണ് മാനേജ്മെന്റ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു നേഴ്‌സുമാര്‍.

സര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ ഉടമ്പടികളും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്മെന്റ് ഇവയിലൊന്നുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.എന്‍.എ യുടെ തീരുമാനം. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ്മാര്‍ ഒറ്റക്കെട്ടായ പ്രതിഷേധത്തിലേക്ക് പ്രവേശിക്കുകയാണ്‘. യു.എന്‍.എ യുടെ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പറഞ്ഞു. ഇന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ സംസ്ഥാനമൊട്ടാകെ കരിദിനം ആചരിക്കുകയാണ്.

 

നിമിഷ ടോം
Advertisement