എഡിറ്റര്‍
എഡിറ്റര്‍
അധികാര ദല്ലാളന്മാര്‍ക്ക് സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ പ്രവേശനമില്ലാത്തതാണോ പിണറായിയുടെ ധാര്‍ഷ്ട്യം?; അദ്ദേഹത്തെ കൊള്ളക്കാര്‍ ഭയന്നാല്‍ മതി: ചെറിയാന്‍ ഫിലിപ്പ്
എഡിറ്റര്‍
Sunday 16th April 2017 3:15pm

 

തിരുവനന്തപുരം: പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണെന്നും അദ്ദേഹത്തെ കൊള്ളക്കാര്‍ മാത്രം ഭയന്നാല്‍ മതിയെന്നും സി.പി.ഐ.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. പിണറായി 1970ല്‍ എം.എല്‍.എ ആയിരുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാം എന്ന പറഞ്ഞുകൊണ്ട് ‘പിണറായിയെ ആര്‍ക്കാണ് പേടി’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് പിണറായിയെക്കുറിച്ച് സംസാരിച്ചത്.


Also read ‘നിന്നെയൊന്നും വെടിവെച്ച് കൊന്നാല്‍ പോലും ഒരാളും ചോദിക്കില്ല’; കാശ്മീരി യുവാക്കളോട് ഇന്ത്യന്‍ സൈന്യം


തലശേരി കലാപസമയത്തെയും അടിയന്തിരാവസ്ഥ കാലത്തെക്കുറിച്ചും നിയമസഭയിലെ പിണറായിയുടെ പ്രസംഗത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് ആരംഭിക്കുന്നത്. ഇ.എം.എസിലൂടെയും മറ്റു നേതാക്കളിലൂടെയും പിണറായി എന്ന നേതാവിനെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങളും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പങ്ക് വക്കുന്നുണ്ട്.

തന്റെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷമാണ് പിണറായിയുമായുള്ള അടുപ്പം ദൃഢമാകുന്നതെന്നും സഹോദരതുല്യമായ സ്‌നേഹവാത്സല്യമാണ് മുഖ്യമന്ത്രിയുമായുള്ളതെന്നും പറഞ്ഞ ചെറിയാന്‍ ഫിലിപ്പ് കരുണാകരനോടും ആന്റണിയോടും എന്ന പോലെ പിണറായിയോടും ഒരു ശങ്കയും കൂടാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ കഴിഞ്ഞിരുന്നെന്നും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ലാത്തയാളാണ് അദ്ദേഹമെന്നും പറഞ്ഞു.

‘പിണറായി എന്ന മുഖ്യമന്ത്രിയെ എല്ലാ വര്‍ക്കും പേടിയാണെന്നന്നാണ് ചില മാധ്യമ വിശാരദന്മാര്‍ തട്ടി വിടുന്നത്. അദ്ദേഹം സ്വേച്ഛാധിപതിയാണത്രെ. കാര്യമെന്തെന്നു മാത്രം ആരും പറയുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ കാണുമ്പോള്‍ പേടിച്ചു വിറക്കുമെന്നാണ് കഥകള്‍.’ എന്നു പറഞ്ഞ ചെറിയാന്‍ ഫിലിപ്പ് സി.പി.ഐ.എം ല്‍ നിന്നും പുറത്താക്കപ്പെട്ട ചിലരാണ് ഇതിനു പിന്നിലെന്നും ആരോപിക്കുന്നു.

‘സി.പി.ഐ.എം ല്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ പിണറായിയുടെ രക്തത്തിനായി ദാഹിക്കുന്നവരാണ്. ചില മാധ്യമങ്ങള്‍ക്ക് പിണറായി റേറ്റിംഗ് കൂട്ടാനുള്ള ഒരു ഇരയാണ്. തന്നെ തകര്‍ക്കാനുള്ള ചില കീടങ്ങളുടെ കെണിയില്‍ തലവെച്ചു കൊടുക്കാത്തതാണ് ഇവര്‍ക്കുള്ള വിരോധം. പിണറായി വധം ആട്ടക്കഥയുമായാണ് ഇക്കൂട്ടരുടെ തുള്ളല്‍ .
ആള്‍ക്കൂട്ടത്തിനു മദ്ധ്യേ മുഖ്യമന്ത്രി ആരുടെയും തോളത്തു കയ്യിടാറില്ല. മാധ്യമക്കാരോട് കിന്നാരം പറയാന്‍ നില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ ഒരു ചന്തയല്ല.’
‘പിണറായിയുടെ രാഷ്ട്രീയം പ്രകടനാത്മകമല്ല, ക്രിയാത്മകമാണ്. കപടനാട്യക്കാരെ കണ്ടു ശീലിച്ചവര്‍ക്ക് പിണറായിയുടെ നേരിന്റെ ശൈലി അറിയില്ല. അധികാര ദല്ലാളന്മാര്‍ക്ക് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ പ്രവേശനമില്ല. അഴിമതി വീരന്മാരുടെ അഴിഞ്ഞാട്ടമില്ല. മദിരാക്ഷിമാരുടെ വിളയാട്ടമില്ല. ഇതാണോ അധികാര ധാര്‍ഷ്ട്യം?’ അദ്ദേഹം ചോദിക്കുന്നു.

‘പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണ് ഉപദേശകര്‍ പറയുന്ന നല്ല കാര്യങ്ങള്‍ മാത്രം സ്വീകരിക്കും. ആര്‍ക്കും അദ്ദേഹത്തെ അവിഹിതമായി സ്വാധീനിക്കാനാവില്ല.കൊളളക്കാര്‍ മാത്രം മുഖ്യമന്ത്രിയെ ഭയന്നാല്‍ മതി. ജനങ്ങള്‍ക്ക് ഒട്ടും പേടിക്കേണ്ടതില്ല. അടുത്തറിയാവുന്നവര്‍ക്കെല്ലാം അദ്ദേഹം സ്‌നേഹനിധിയാണ്. നിറകുടം തുളുമ്പുകയില്ല.’ എന്നു പറഞ്ഞ് കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘പിണറായിയെ ആര്‍ക്കാണ് പേടി?

1970 ല്‍ എം.എല്‍.എ ആയതു മുതല്‍ പിണറായി വിജയനെ എനിക്ക് നേരിട്ടറിയാം. 1972 ലെ തലശേരി കലാപത്തിലെ പതറാത്ത ധീരന്‍. 1975 ല്‍ അടിയന്തിരാവസ്ഥയില്‍ പോലീസ് വേട്ടയില്‍ ജീവച്ഛവമായി തീര്‍ന്നയാള്‍.1977 ല്‍ നിയമസഭയില്‍ തന്റെ പീഡന കഥ പിണറായി അക്കമിട്ട് വിവരിച്ചത് മുഖ്യമന്ത്രി എ കെ ആന്റണിയുടെ റിട്ടയറിംഗ് റൂമിലെ ഉച്ചഭാഷിണിയിലൂടെ ഞാന്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. രാഷ്ടീയ പ്രതിയോഗികള്‍ അദ്ദേഹത്തെ വധിക്കാന്‍ നടത്തിയ നിരവധി കഥകള്‍ ഞാന്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നും കേട്ടറിഞ്ഞിരുന്നു.

2001-ല്‍ ഞാന്‍ കോണ്‍ഗ്രസ് വിട്ടതിനു ശേഷമാണ് പിണറായിയുമായുള്ള അടുപ്പം ദൃഢതരമാകുന്നത്. എപ്പോഴും അദ്ദേഹത്തെ കാണാം. സഹോദരതുല്യമായ സ്‌നേഹവാത്സല്യം. ഏതാനും വര്‍ഷമായി എ.കെ.ജി സെന്ററില്‍ ഉച്ചഭക്ഷണം അദ്ദേഹത്തോടൊപ്പമാണ്. ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും വസതിയിലേക്ക് പ്രത്യേക ക്ഷണം. മുഖ്യമന്ത്രിയായ ശേഷം ക്ലിഫ് ഹൗസിലെ ആദ്യ ഓണത്തിനും ഞാന്‍ ഉണ്ടായിരുന്നു.

കരുണാകരനോടും ആന്റണിയോടും എന്ന പോലെ എനിക്ക് പിണറായിയോടും ഒരു ശങ്കയും കൂടാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹം ശ്രദ്ധാപൂര്‍വം കേള്‍ക്കും. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല.

പിന്നറായി എന്ന മുഖ്യമന്ത്രിയെ എല്ലാ വര്‍ക്കും പേടിയാണെന്നന്നാണ് ചില മാധ്യമ വിശാരദന്മാര്‍ തട്ടി വിടുന്നത്. അദ്ദേഹം സ്വേച്ഛാധിപതിയാണത്രെ. കാര്യമെന്തെന്നു മാത്രം ആരും പറയുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ കാണുമ്പോള്‍ പേടിച്ചു വിറക്കുമെന്നാണ് കഥകള്‍.

സി.പി.ഐ.എം ല്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ പിണറായിയുടെ രക്തത്തിനായി ദാഹിക്കുന്നവരാണ്. ചില മാധ്യമങ്ങള്‍ക്ക് പിണറായി റേറ്റിംഗ് കൂട്ടാനുള്ള ഒരു ഇരയാണ്. തന്നെ തകര്‍ക്കാനുള്ള ചില കീടങ്ങളുടെ കെണിയില്‍ തലവെച്ചു കൊടുക്കാത്തതാണ് ഇവര്‍ക്കുള്ള വിരോധം. പിണറായി വധം ആട്ടക്കഥയുമായാണ് ഇക്കൂട്ടരുടെ തുള്ളല്‍ .
ആള്‍ക്കൂട്ടത്തിനു മദ്ധ്യേ മുഖ്യമന്ത്രി ആരുടെയും തോളത്തു കയ്യിടാറില്ല. മാധ്യമക്കാരോട് കിന്നാരം പറയാന്‍ നില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ ഒരു ചന്തയല്ല. ആര്‍ക്കും മുഖ്യമന്ത്രിയെ കാണാം. സമയം നിശ്ചയിക്കണമെന്നു മാത്രം. ഫോണില്‍ വിളിച്ചാല്‍ നേരിട്ടെടുക്കും. അല്ലെങ്കില്‍ തിരിച്ചുവിളിക്കും. പരാതി കൊടുത്താല്‍ ഉടന്‍ മറുപടി കിട്ടും.എല്ലാ കടലാസിലും ശു വരച്ച് ആരെയും കബളിപ്പിക്കാറില്ല.

പിണറായിയുടെ രാഷ്ട്രീയം പ്രകടനാത്മകമല്ല, ക്രിയാത്മകമാണ്. കപടനാട്യക്കാരെ കണ്ടു ശീലിച്ചവര്‍ക്ക് പിണറായിയുടെ നേരിന്റെ ശൈലി അറിയില്ല. അധികാര ദല്ലാളന്മാര്‍ക്ക് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ പ്രവേശനമില്ല. അഴിമതി വീരന്മാരുടെ അഴിഞ്ഞാട്ടമില്ല. മദിരാക്ഷിമാരുടെ വിളയാട്ടമില്ല. ഇതാണോ അധികാര ധാര്‍ഷ്ട്യം?
പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണ്. ഉപദേശകര്‍ പറയുന്ന നല്ല കാര്യങ്ങള്‍ മാത്രം സ്വീകരിക്കും. ആര്‍ക്കും അദ്ദേഹത്തെ അവിഹിതമായി സ്വാധീനിക്കാനാവില്ല.കൊളളക്കാര്‍ മാത്രം മുഖ്യമന്ത്രിയെ ഭയന്നാല്‍ മതി. ജനങ്ങള്‍ക്ക് ഒട്ടും പേടിക്കേണ്ടതില്ല. അടുത്തറിയാവുന്നവര്‍ക്കെല്ലാം അദ്ദേഹം സ്‌നേഹനിധിയാണ്. നിറകുടം തുളുമ്പുകയില്ല.’

Advertisement