ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kathua gangrape-murder case
ഇതാദ്യമായല്ല; പ്രതികള്‍ക്കായി ദേശീയ പതാകയുമായി തെരുവിലിറങ്ങിയതിനു മുന്‍പും ബി.ജെ.പി മന്ത്രിമാര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Thursday 12th April 2018 11:22pm

ശ്രീനഗര്‍: കത്‌വയില്‍ എട്ടുവയസുകാരിയുടെ കൊലപാതകികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ ജമ്മുകശ്മീരിലെ മന്ത്രിമാരായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയും നേരത്തെയും പ്രദേശത്ത് ഗുജ്ജര്‍-ബക്കര്‍വാള്‍ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ പ്രതിയായ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയക്ക് വേണ്ടി ദേശീയപതാകയുമേന്തി ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഈ നേതാക്കള്‍.

2016ല്‍ കത്‌വയിലെ ഗുജ്ജറുകള്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൗധരി ലാല്‍ സിങ്ങിന്റെ വീട്ടിലെത്തിയപ്പോള്‍ 1947ലെ മുസ്‌ലിം കൂട്ടക്കൊല ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. 1947ല്‍ ഹരിസിങ്ങിന്റെ സൈന്യം കശ്മീരിലെ മുസ്‌ലിംങ്ങളെ വെടിവെച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചൗധരി ലാല്‍ സിങ് അന്ന് ഭീഷണിപ്പെടുത്തിയത്.

2014ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദര്‍പ്രകാശ് ഗംഗ പ്രസംഗിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ‘ എന്തുവന്നാലും തെരഞ്ഞെടുക്കപ്പെട്ടാല്‍ സരോറിലെയും വിജയ്പൂരിലെയും മുസ്‌ലിംങ്ങളെ കുടിയൊഴിപ്പിക്കും.’ എയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനായി സാംബയില്‍ നിന്നന് ഗുജ്ജറുകളെ കുടിയിറക്കുമെന്ന് 2015ല്‍ ഗംഗ പറഞ്ഞത് വിവാദമായിരുന്നു.

 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്ത് കൊണ്ട് ഇരുവരും പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു.

‘ഈ അന്വേഷണം എനിക്ക് മനസ്സിലാവുന്നില്ല. ഒരു 14 വയസ്സുകാരനെയും 22 വയസ്സുകാരനെയും 28 വയസ്സുകാരനെയും 37 വയസ്സുകാരനെയും അവരെന്തിനാണ് അറസ്റ്റ് ചെയ്തത്? ഇതെങ്ങനെ സാധിക്കും?’-ചന്ദര്‍ പ്രകാശ് ഗംഗ ചോദിച്ചു. ‘ഇവിടുത്തെ പൊലീസ് സൂപ്രണ്ട് എവിടെയാണ്? ഈ കാട്ടുനീതി ഇവിടെ അനുവദിക്കാന്‍ കഴിയില്ലെന്ന് എനിക്കയാളോട് പറയണം.’

ചൗധരി ലാല്‍ സിംഗ് നിര്‍ലജ്ജം പ്രക്ഷോഭകാരികളെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. ‘നിങ്ങള്‍ ഒരു പ്രക്ഷോഭം നടത്തുന്നെങ്കില്‍ സര്‍വ ശക്തിയോടെ നടത്തണം. അല്ലെങ്കില്‍ വീട്ടിലിരിക്കണം. സെക്ഷന്‍ 144 എന്താണ്? ഈ ഒരു പെണ്‍കുട്ടി മരിച്ചു. പക്ഷേ ഇവിടെ ഒരുപാട് കണ്ടെത്താനുണ്ട്. ഒരുപാട് സ്ത്രീകളുടെ മരണം ഇവിടെ ഉണ്ടായിട്ടുണ്ട്’


Read more: ‘അവള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകരുത്’; ഹാജരായാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അഭിഭാഷകയോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്


 

എട്ടുവയസുകാരിയുടെ കൊലപാതകം നടത്തിയത് രാസ്‌നയിലെ ബക്കര്‍വാള്‍ സമുദായത്തെ ഭീതിപ്പെടുത്തി ആട്ടിയോടിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് സിബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ മേല്‍പറഞ്ഞ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് അവര്‍ ഇക്കാര്യം നേരത്തെ തന്നെ തുടങ്ങി വെച്ചിരുന്നു എന്നാണ്.

കശ്മീരില്‍ ഗുജ്ജറുകളും ബക്കര്‍വളുകളും എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരാണ്. കശ്മീരിലെ ഏറ്റവും കൂടുതലുള്ള ഷെഡ്യൂള്‍ഡ് ട്രൈബല്‍ വിഭാഗമാണ് ഗുജ്ജറുകള്‍. ഇവിടെത്തെ 99.3 ശതമാനം ഗുജ്ജറുകളും ബക്കര്‍വളുകളും ഇസ്‌ലാം മതം പിന്തുടരുന്നവരാണ്. കത്‌വ, സാംബ. ജമ്മു ജില്ലകളില്‍ നേരത്തെ നിരവധി തവണ ഗുജ്ജര്‍-ബക്കര്‍വാള്‍ വിഭാഗങ്ങള്‍ക്കെതിരെ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പടെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു.

Advertisement