| Sunday, 19th May 2013, 7:53 pm

മന്ത്രി സ്ഥാനത്തിന്റെ പേരില്‍ ചെന്നിത്തലയെ കൊച്ചാക്കി: കെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: മന്ത്രി സ്ഥാനത്തിന്റെ പേര് പറഞ്ഞ്  രമേശ് ചെന്നിത്തലയെ കൊച്ചാക്കുകയാണെന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ്  നേതാവും എം.പിയുമായ കെ. സുധാകരന്‍. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായി തന്നെ തുടരും. മന്ത്രിസ്ഥാനത്തേക്കാല്‍ ഉയര്‍ന്ന പദവിയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.[]
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തില്‍ നിന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പിന്‍മാറുന്ന സൂചനയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   രമേശ് ചെന്നിത്തലയുടെ മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.[]
അതേസമയം കോണ്‍ഗ്രസില്‍ മന്ത്രിസഭാ പുനഃസംഘടനാ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്റിനോട് തന്നെ മന്ത്രിയാക്കണമെന്ന്  ആവശ്യപ്പെട്ടിട്ടില്ലെന്നും, മന്ത്രിസ്ഥാനത്തിന് പിറകെ പോകുന്ന ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് ഏറ്റവും നല്ലതാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു. മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും, അന്തിമ തീരുമാനം ഹൈക്കമാന്റാണ് സ്വീകരിക്കേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു.

എന്നിരുന്നാലും ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും  പ്രതിസന്ധി മുറുകുകകയാണ്. ചെന്നിത്തലയ്ക്ക് പകരം പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ്സില്‍ തര്‍ക്കം തുടരുകയാണ്.

അതേസമയം ഉപമുഖ്യമന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് യുഡിഎഫാണെന്ന വാദവുമായി കെ.എം മാണി നേരത്തെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്  പോരിന് പുറമെയാണ് യുഡിഎഫിലും തര്‍ക്കം രൂക്ഷമാകുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നും തങ്ങള്‍ക്കും അവകാശം ഉണ്ടെന്ന് വ്യക്തമായ സൂചനയാണ് മാണിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയനും നേരത്തെ പ്രതികരിച്ചിരുന്നു.

പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. തന്നെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ആന്റണി പറഞ്ഞു. സംസ്ഥാനത്ത് ധാരണയിലെത്തിയ ശേഷം മതി ഹൈക്കമാന്റുമായുള്ള ചര്‍ച്ചയെന്നും ആന്റണി നിര്‍ദേശം നല്‍കി.

We use cookies to give you the best possible experience. Learn more