എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്താനം മന്ത്രിയായത് കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല: രമേശ് ചെന്നിത്തല
എഡിറ്റര്‍
Sunday 3rd September 2017 8:11pm

 

തിരുവനന്തപുരം: മന്ത്രിയാകാന്‍ കഴിഞ്ഞതില്‍ കണ്ണന്താനത്തിന് വലിയ സന്തോഷമുണ്ടെങ്കിലും കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് സന്തോഷമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തില്‍ ബി.ജെ.പിക്കാര്‍ പ്രതികരണമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇതുകൊണ്ടൊന്നും ബി.ജെ.പിയുടെ വികൃതമുഖം നന്നാക്കിയെടുക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണന്താനം മന്ത്രിയായത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. എങ്കിലും നമ്മുടെ എല്ലാവരുടേയും സുഹൃത്ത് മന്ത്രിയായതിന്റെ സന്തോഷം ആ നിലയ്ക്ക് നമുക്കുണ്ടെന്നും കോട്ടയത്ത് എം.പിയായിരിക്കെ കണ്ണന്താനം അവിടെ കളക്ടറായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കുമ്മനത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഴ വിവാദങ്ങളും പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവുമാണ് നേതൃത്വത്തെ മറ്റൊരു പേരിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Read more: പതിവ് തെറ്റിച്ചില്ല; നിര്‍ണായക തീരുമാനത്തിന് പിന്നാലെ മോദി പറന്നു


ആര്‍.എസ്.എസുമായി അടുത്ത നില്‍ക്കുന്ന കുമ്മനത്തിനായി സംഘടനയും രംഗത്തിറങ്ങിയെങ്കിലും മെഡിക്കല്‍കോഴവിവാദമാണ് കുമ്മനത്തിന് തടസ്സമായത്. വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചതും നേതൃത്വത്തെ വിവാദങ്ങളില്‍പ്പെടാത്ത ഒരു പേരിലേക്ക് നയിക്കുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതിയംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം സംസ്ഥാനത്തെ ഗ്രൂപ്പ് പോരില്‍ പെടാത്ത വ്യക്തിയാണെന്നത് തന്നെയാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. ക്രൈസ്തവ ന്യൂനപക്ഷവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗവുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഈ നീക്കം.

Advertisement