യു.ഡി.എഫ് യോഗത്തിലേക്ക് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ക്ഷണമില്ല; പരാതി
Kerala News
യു.ഡി.എഫ് യോഗത്തിലേക്ക് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ക്ഷണമില്ല; പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 12:09 pm

തിരുവനന്തപുരം: യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ക്ഷണിച്ചില്ലെന്ന് പരാതി. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ച യോഗത്തിലേക്കാണ് ഇരുവരേയും ക്ഷണിക്കാതിരുന്നത്.

അതേസമയം, കക്ഷി നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ തവണ യു.ഡി.എഫ് യോഗം നടന്നപ്പോഴും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടിയിലെടുക്കുന്ന പല തീരുമാനങ്ങളും കൂടിയാലോചനയില്ലാതെയാണ് എടുക്കുന്നതെന്ന പരാതി ഇരുനേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് താനും കെപി.സി.സി പ്രസിഡന്റും പറയുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷവും താന്‍ ഒറ്റയാള്‍ പോരാളിയായിരുന്നുവെന്നും താന്‍ കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഇനിയും ജനങ്ങള്‍ക്ക് വേണ്ടി അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

‘ഞാനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്. വി.ഡി. സതീശന്‍ പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുകയാണ്,’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്.

അതേസമയം, കെ റെയില്‍ വിഷയത്തില്‍ സമരത്തിലേക്ക് കടക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരുന്നു.

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Chennithala and Oommen Chandy not invited to UDF meeting; Complaint