എഡിറ്റര്‍
എഡിറ്റര്‍
കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന പുലമ്പല്‍ മാത്രമെന്ന് ചെന്നിത്തല; ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി ഇടതുപക്ഷം അവസാനിപ്പിക്കണം
എഡിറ്റര്‍
Monday 2nd October 2017 7:48am

തിരുവനന്തപുരം: കേരളത്തിനെതിരായ മോഹന്‍ഭാഗവതിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്ലച്ച് പിടിക്കാത്തതിന്റെ നിരാശയാണ് മോഹന്‍ഭാഗവതിന്. കേരളത്തിന്റെ മതേതര മനസിന് പോറലേല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് ഭാഗവത് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനത്തിനെതിരെയും വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ ശശികലയ്‌ക്കെതിരെയും എഫ്.ഐ.ആര്‍ ഇട്ടതിന് മേലെ ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. ഇവരുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കസേരയിട്ട് നല്‍കുകയും തല്ലുകൊണ്ടവര്‍ക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് കളക്ടറുടെ നിരോധന ഉത്തരവ് കാറ്റില്‍ പറത്തി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചതാണ് , സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കാന്‍ ആര്‍.എസ് .എസ് നേതാക്കന്മാര്‍ക്ക് ധൈര്യം പകരുന്നത്. മോഹന്‍ഭഗവതിനെതിരെ നടപടി എടുക്കുന്നതിന് പകരം ജില്ലാകളക്ടറെ സ്ഥലം മാറ്റിയത് ആര്‍.എസ്.എസിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍.എസ്.എസിനെതിരെ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമായി മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട് . പക്ഷെ ഇതൊക്കെ അവസാനിപ്പിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ആര്‍.എസ്.എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം ഒറ്റകെട്ടായി നില്‍ക്കും. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി മതിയാക്കി ഇടത് സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിനെതിരായി ആര്‍ എസ് എസ് മേധാവി മോഹന്‍ഭഗവത്! ഉന്നയിച്ച ആരോപണങ്ങള്‍,കേരളത്തില്‍ സംഘപരിവാര്‍ ക്ലച്ച് പിടിക്കാത്തതിന്റെ നിരാശയില്‍ നിന്നുണ്ടായതാണ്.

പണം വാരിയെറിഞ്ഞും ചോരപുഴ ഒഴുക്കിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് എല്ലാ വര്‍ഗീയവാദികളും എല്ലാകാലത്തും നേട്ടങ്ങള്‍ ഉണ്ടാക്കാറുള്ളത്. ഇവരുടെ അജണ്ടകള്‍ മനസിലാക്കി ബുദ്ധിയുള്ള ജനങ്ങള്‍ ഇത്തരം ശക്തികളില്‍ നിന്നും അകന്നു നില്‍ക്കുക സ്വാഭാവികം. സംഘപരിവാറില്‍ നിന്നും ഇത്തരം ഒരു അകന്ന് നില്‍ക്കലാണ് കേരളം പതിറ്റാണ്ടുകളായി സ്വീകരിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തത് മുതല്‍ ബാബരിമസ്ജിദ് തല്ലിതകര്‍ത്തത് ഉള്‍പ്പെടെയുള്ള പാപത്തിന്റെ വിഴുപ്പ്ഭാണ്ഡം ചുമക്കുന്ന സംഘ്പരിവാരത്തിന് കേരളമനസില്‍ ഒരു ഇടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതരമനസിന് പോറലേല്‍പ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിയുന്നില്ല. ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍.എസ്.എസ് .മേധാവിയുടെ പ്രസ്താവന.

പാലക്കാട് കളക്ടറുടെ നിരോധന ഉത്തരവ് കാറ്റില്‍ പറത്തി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചതാണ് , സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കാന്‍ ആര്‍.എസ് .എസ് നേതാക്കന്മാര്‍ക്ക് ധൈര്യം പകരുന്നത്. മോഹന്‍ഭഗവതിനെതിരെ നടപടി എടുക്കുന്നതിന് പകരം ജില്ലാകളക്ടറെ സ്ഥലം മാറ്റിയത് ആര്‍.എസ്.എസിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരന്‍ ,വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെപി ശശികല എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ .ഇട്ടതിന് മേലെ ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. ഇവരുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല.പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കസേരയിട്ട് നല്‍കുകയും തല്ലുകൊണ്ടവര്‍ക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
ആര്‍.എസ് .എസ്സിനെതിരെ പ്രസ്താവനകളും ഫേസ്ബുക് പോസ്റ്റുകളും മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട് . ഇനി ഇതൊക്കെ മതിയാക്കി നടപടി ആരംഭിക്കൂ .നടപടി ആരംഭിച്ചാല്‍ കൊള്ളരുതായ്മകള്‍ താനേ അവസാനിക്കും.ആര്‍.എസ്.എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം ഒറ്റകെട്ടായി നില്‍ക്കും. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി മതിയാക്കി ഇടത് സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങട്ടെ.

Advertisement