വിസിലടിച്ച് കോഹ്‌ലിപ്പട; ചെന്നൈയ്ക്ക് 37 റണ്‍സ് തോല്‍വി
Ipl 2020
വിസിലടിച്ച് കോഹ്‌ലിപ്പട; ചെന്നൈയ്ക്ക് 37 റണ്‍സ് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th October 2020, 11:19 pm

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ദയനീയ തോല്‍വി. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ, ബാംഗ്ലൂരിന്റെ അച്ചടക്കമുള്ള ബൗളിംഗില്‍ തകര്‍ന്നു.

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ചെന്നൈ നേടിയത്. അംബാട്ടി റായിഡുവും (42) നാരായണ്‍ ജഗദീഷനും (33) മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചുനിന്നത്.

ബാംഗ്ലൂരിനായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുമെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത നവദീപ് സെയ്‌നിയും ബാംഗ്ലൂരിന്റെ വിജയത്തില്‍ നിര്‍ണായകമായി.

 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു.

മികച്ച ഫോമില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിനെ 169 റണ്‍സിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ കോഹ്‌ലി 52 പന്തുകള്‍ നേരിട്ട് നാലു വീതം സിക്സും ഫോറുമടക്കം 90 റണ്‍സോടെ പുറത്താകാതെ നിന്നു.

മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (2) നഷ്ടമായ ബാംഗ്ലൂരിനായി രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കല്‍ – വിരാട് കോഹ്‌ലി സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രദ്ധയോടെയാണ് ഇരുവരും ചെന്നൈ ബൗളര്‍മാരെ നേരിട്ടത്.

34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദേവ്ദത്തിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ എബി ഡിവില്ലിയേഴ്സിനെയും (0) താക്കൂര്‍ മടക്കി.

പിന്നാലെയെത്തിയ ശിവം ദുബെ കോഹ്‌ലിക്കൊപ്പ്ം ക്രീസില്‍ നിലയുറപ്പിച്ചു. 76 റണ്‍സാണ് ഇരുവരും ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 14 പന്തില്‍ നിന്ന് 22 റണ്‍സുമായി ദുബെ പുറത്താകാതെ നിന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennai Super Kings vs Royal Challengers Banglore IPL 2020