മൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂ, പക്ഷേ ശ്രദ്ധിക്കപ്പെടുമെന്ന് സത്യന്‍ അന്തിക്കാട് ഉറപ്പിച്ച് പറഞ്ഞു; ചെമ്പില്‍ അശോകന്‍ പറയുന്നു
Entertainment news
മൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂ, പക്ഷേ ശ്രദ്ധിക്കപ്പെടുമെന്ന് സത്യന്‍ അന്തിക്കാട് ഉറപ്പിച്ച് പറഞ്ഞു; ചെമ്പില്‍ അശോകന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th August 2021, 2:22 pm

വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചെമ്പില്‍ അശോകന്‍. പ്രൊഫഷണല്‍ നാടകരംഗത്ത് നിന്നും സീരിയല്‍ രംഗത്തുനിന്നുമാണ് അശോകന്‍ സിനിമയിലേക്കെത്തുന്നത്.

ഇപ്പോഴിതാ തന്റെ പ്രശസ്തമായ ഒരു കഥാപാത്രത്തെക്കുറിച്ച് ചെമ്പില്‍ അശോകന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് സംവിധായകനായ സത്യന്‍ അന്തിക്കാട് നേരത്തേ പറഞ്ഞിരുന്നുവെന്നും ചെമ്പില്‍ അശോകന്‍ പറയുന്നു.

‘അരനാഴികനേരം എന്ന സീരിയലിലെ പ്രകടനം കണ്ടിട്ടാണ് സത്യന്‍ അന്തിക്കാട് സാര്‍ ഭാഗ്യദേവതയിലേക്ക് വിളിക്കുന്നത്. മൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂ പക്ഷേ ശ്രദ്ധേയമായി മാറും എന്ന് അഭിനയിക്കുന്ന സമയത്ത് തന്നെ സത്യന്‍ സാര്‍ പറഞ്ഞിരുന്നു. സാറിന്റെ നാവ് പൊന്നായി. സിനിമ സൂപ്പര്‍ഹിറ്റായതോടെ തങ്കു ആശാന്‍ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു,’ അശോകന്‍ പറയുന്നു.

സത്യന്‍ അന്തിക്കാടിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അഭിനയിക്കാന്‍ ചെന്നപ്പോള്‍ സര്‍വ്വ സ്വാതന്ത്ര്യവും തന്ന് അഭിനയിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അശോകന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാഗ്യദേവതക്ക് ശേഷം കഥ തുടരുന്നു, സ്‌നേഹവീട്, പുതിയ തീരങ്ങള്‍ എന്നീ ചിത്രങ്ങളിലേക്കും ഒടുക്കം ജോമോന്റെ സുവിശേഷങ്ങളിലേക്കും സത്യന്‍ അന്തിക്കാട് തന്നെ വിളിച്ചുവെന്നും ചെമ്പില്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ഡി.ജി.പി അനില്‍കാന്തുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ഈയടുത്ത് ചെമ്പില്‍ അശോകന്‍ ചര്‍ച്ചകളിലേക്ക് വന്നിരുന്നു. നിരവധി ട്രോളുകളും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chembil Ashokan says about his best character