ഹവില്‍ദാറായി ചെമ്പന്‍ വിനോദ്; 'പൂഴിക്കടകന്‍' ഷൂട്ടിങ് പാലായില്‍ തുടങ്ങുന്നു
Malayalam Cinema
ഹവില്‍ദാറായി ചെമ്പന്‍ വിനോദ്; 'പൂഴിക്കടകന്‍' ഷൂട്ടിങ് പാലായില്‍ തുടങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2019, 6:37 pm

നാട്ടിലേക്ക് അവധിക്കെത്തുന്ന പട്ടാളക്കാരന്റെ കഥപറയുന്ന ‘പൂഴിക്കടകന്റെ’ ചിത്രീകരണം പാലായില്‍ തുടങ്ങുന്നു. അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദാണ്.

സഹസംവിധായകനും ദുബായില്‍ മാധ്യമപ്രവര്‍ത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണു പൂഴിക്കടകന്‍.

പ്രശസ്ത തമിഴ്, തെലുഗു നടി ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലന്‍, അശ്വിന്‍, സെബിന്‍ ജോര്‍ജ്, മാലാ പാര്‍വതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. കൂടാതെ യുവ നായകനിരയിലെ ശ്രദ്ധേയനായ ഒരു താരവും ഇതില്‍ അണിനിരക്കുന്നുണ്ട്.

ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്നു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ഈണം നല്‍കിയിരിക്കുന്നു. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ആന്‍ ആമിയുമാണു ഗായകര്‍.

ഈവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും കാഷ് മൂവീസുമായി ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ സജിത് നമ്പ്യാരാണ്.

പാലാ കൂടാതെ തൊടുപുഴ, ലഡാക്, അമൃത്സര്‍ തുടങ്ങിയവയും ലൊക്കേഷനുകളാണ്.