മമ്മൂട്ടി ചിത്രത്തിലെ രംഗം കണ്ടപ്പോഴാണ് ഭീമന്റെ വഴിയിലെ കഥാപാത്രത്തിന് പേര് കിട്ടിയത്: ചെമ്പന്‍ വിനോദ്
Film News
മമ്മൂട്ടി ചിത്രത്തിലെ രംഗം കണ്ടപ്പോഴാണ് ഭീമന്റെ വഴിയിലെ കഥാപാത്രത്തിന് പേര് കിട്ടിയത്: ചെമ്പന്‍ വിനോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 8:08 am

കഥാപാത്രങ്ങളിലെ വ്യത്യസ്തതക്ക് പുറമേ തന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ കൊണ്ടും ശ്രദ്ധ നേടിയ താരമാണ് ചെമ്പന്‍ വിനോദ്. തല്ലുമാലയിലെ ഒമേഗ ബാബു, ടമാര്‍ പടാറിലെ ട്യൂബ് ലൈറ്റ് മണി എന്നിങ്ങനെ ചെമ്പന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകളും ശ്രദ്ധ നേടാറുണ്ട്.

എന്നാല്‍ ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെ പേരും വ്യത്യസ്തമായത് ചെമ്പന്‍ വിനോദ് തിരക്കഥ എഴുതിയ ഭീമന്റെ വഴിയിലേതാണ്. ചിത്രത്തില്‍ ചെമ്പന്റെ കഥാപാത്രത്തിന്റെ പേര് മഹര്‍ഷി എന്നായിരുന്നു.

ഈ കഥാപാത്രത്തിന്റെ പേര് വന്ന വഴി പറയുകയാണ് ചെമ്പന്‍ വിനോദ്. ഭീമന്റെ വഴിയുടെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ ഒരു ചിത്രം കണ്ടതെന്നും അതിലെ ഒരു രംഗം കണ്ടപ്പോഴാണ് തന്റെ കഥാപാത്രത്തിന് മഹര്‍ഷി എന്ന് പേരിടാമെന്ന് തോന്നിയതെന്നും ചെമ്പന്‍ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെമ്പന്‍ വിനോദ് ഭീമന്റെ വഴിയെ കുറിച്ച് പറഞ്ഞത്.

‘ഭീമന്റെ വഴി ഞാന്‍ എഴുതിയ സിനിമയാണ്. അതില്‍ എന്റെ കഥാപാത്രത്തിന്റെ പേര് മഹര്‍ഷി എന്നാണ്. പേരുകളില്‍ വളര കൗതുകമുള്ള ആളാണ് ഞാന്‍. സിനിമയുടെ ഡിസ്‌കഷനുമായി ഇരിക്കുമ്പോള്‍ മമ്മൂക്കയുടെ ഒരു പടം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കൂടെവിടെയാണെന്ന് തോന്നുന്നു. അതില്‍ ബാബു നമ്പൂതിരിയുടെ കഥാപാത്രത്തിന്റെ പേരാണ് മഹര്‍ഷി.

ഡിസ്‌കഷന്‍ നടക്കുന്നതിനിടയില്‍ ടി.വിയില്‍ സിനിമ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് മഹര്‍ഷി എന്ന് പറയുന്ന ഒരു സീന്‍ കണ്ടപ്പോള്‍ കൊള്ളാം എന്ന് തോന്നി. എങ്കില്‍ പിന്നെ മഹര്‍ഷി എന്ന പേര് വെക്കാമെന്ന് തോന്നി. അങ്ങനെയാണ് ആ പേര് വരുന്നത്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

അങ്കമാലി ഡയറീസിലെ നായകനായ പെപ്പെയുടെ പേര് വന്നതിനെ പറ്റിയും താരം സംസാരിച്ചിരുന്നു. ‘അങ്കമാലി ഡയറീസിലെ പെപ്പെ എന്ന പേര് എന്റെ മകന് ഇടാന്‍ വെച്ചിരുന്ന പേരാണ്. ക്രിസ് പെപ്പെ എന്നാണ് ഞാന്‍ ഇടാന്‍ വെച്ചിരുന്നത്. അപ്പോള്‍ അന്ന് എന്റെ കസിന്‍സും ബന്ധുക്കളുമെല്ലാം പറഞ്ഞു പെപ്പെ എന്നൊക്കെ ഇട്ടു കഴിഞ്ഞാല്‍ സ്‌കൂളില്‍ പോയാല്‍ കുട്ടികള്‍ കളിയാക്കും എന്ന്.

എന്റെ മകന്റെ അമ്മ അതായത് എന്റെ മുന്‍ ഭാര്യക്ക് ജോണ്‍ എന്ന് ഇടണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. കാരണം അവരാണ് പ്രസവിച്ച് അവനെ വളര്‍ത്തികൊണ്ടിരിക്കുന്നത്. അപ്പോള്‍ നമ്മള്‍ അതിനെ ആണല്ലോ റെസ്പക്റ്റ് ചെയ്യേണ്ടത്. ഇപ്പോള്‍ എന്റെ മകന്റെ പേര് ജോണ്‍ ക്രിസ് ചെമ്പന്‍ എന്നാണ്,’ ചെമ്പന്‍ വിനോദ് പറഞ്ഞു.

Content Highlight: chemban vindod talks about his character name in bheemante vazhi