എഡിറ്റര്‍
എഡിറ്റര്‍
ചേലമ്പ്ര ബാങ്ക് കവര്‍ച്ച: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്
എഡിറ്റര്‍
Saturday 23rd March 2013 3:38pm

മഞ്ചേരി: ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിലെ ആദ്യത്തെ മൂന്ന് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം കഠിന തടവ് വിധിച്ചു.

കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരയ്ക്കല്‍ ജോസഫ്(ജയ്‌സണ്‍) എന്ന ബാബു(45), തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ ഷിബു എന്ന രാകേഷ് (31), കോഴിക്കോട് കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍(50) എന്നിവരെയാണ് 10 വര്‍ഷം കഠിന തടവിന് വിധിച്ചത്.

Ads By Google

നാലാം പ്രതിയും മൂന്നാം പ്രതി രാധാകൃഷ്ണന്റെ ഭാര്യയുമായ കനകേശ്വരി(33)ക്ക് അഞ്ച് വര്‍ഷം കഠിന തടവാണ് വിധിച്ചത്. അഞ്ചാം പ്രതി വയനാട് വൈത്തിരി പന്ത്രണ്ടാം പാലം പാലയ്ക്കല്‍ സൈനുദ്ദീന്‍ എന്ന സൈനു(40) വിനെ കോടതി വെറുതെ വിട്ടു.

മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. സതീഷ് ചന്ദ്രബാബുവായിരുന്നു കേസ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

2007 നവംബര്‍ 31നാണ് കവര്‍ച്ച നടന്നത്. 79660.6739 ഗ്രാം സ്വര്‍ണവും 24.93 ലക്ഷം രൂപയും അടക്കം 8.16 കോടി രൂപയുടെ മുതലാണ് ബാങ്കില്‍ നിന്നും നഷ്ടപ്പെട്ടത്.

ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത് ‘ധൂം’ എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു. രണ്ടുഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യഭാഗത്ത് ജോണ്‍ അബ്രഹാമിന്റെ കബീര്‍ഭായി എന്ന കഥാപാത്രം അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് വിദഗ്ധമായി രക്ഷപ്പെടുകയാണ്.

ബാങ്കിനെക്കുറിച്ച് മനസ്സിലാക്കിയ ജോണ്‍ അബ്രഹാമും സംഘവും കവര്‍ച്ചയ്ക്കായി ബാങ്കിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ജോലിക്കാരായി കയറുന്നു. പിന്നീട് ഹോട്ടലില്‍ പുതുവത്സരാഘോഷം നടക്കുന്നതിനിടെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെ ബാങ്കിന്റെ മേല്‍ക്കൂര (ഹോട്ടലിന്റെ തറ) ചതുരത്തില്‍ ഭേദിച്ച് താഴേക്കിറങ്ങി പണം കവരുന്നതായാണ് ചിത്രത്തിലുള്ളത്.

സിനിമ നല്‍കിയ ആവേശമുള്‍ക്കൊണ്ട് രണ്ടുമാസത്തെ സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് ജോസഫും സംഘവും ചേലേമ്പ്രയില്‍ കവര്‍ച്ച നടത്തുന്നത്. കാവല്‍ക്കാരില്ലെന്നതും ചേലേമ്പ്രയിലെ ബാങ്ക്തന്നെ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കാന്‍ കാരണമായി.

കവര്‍ച്ചയ്ക്കായി താഴെ നിലയിലെ ഹോട്ടല്‍ കച്ചവടം നടത്താനെന്നപേരില്‍ വാടകക്കെടുത്തു. സിനിമയില്‍ മുകളില്‍നിന്നു താഴേക്കാണ് തുരന്നതെങ്കില്‍ ചേലേമ്പ്രയില്‍ മുകള്‍നിലയിലെ ബാങ്കിലെത്താന്‍ ഹോട്ടലിന്റെ മേല്‍ക്കൂര (ബാങ്കിന്റെ തറ) തുരക്കുകയായിരുന്നു.

ഒരു ദിവസം വൈകീട്ട് തുടങ്ങിയ ശ്രമം പിറ്റേദിവസം പുലര്‍ച്ചെയാണവസാനിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരക്കാനുപയോഗിച്ച ഉപകരണമെന്തെന്നുപോലും മനസ്സിലാകാത്തത്ര അതിവിദഗ്ധമായിരുന്നു മോഷണം. കവര്‍ച്ചക്കാര്‍ വന്ന കാര്‍ മൂടിയിട്ടതും ഹോട്ടലിന്റെ ജനലുകള്‍ തുണികൊണ്ടുമറച്ചതും കവര്‍ച്ചയിലെ സിനിമാ സ്വാധീനം വ്യക്തമാക്കുന്നുവെന്ന് അന്ന് തന്നെ എ.ഡി.ജി.പി ജെ.എസ്. ജംഗ്പാംഗി പറഞ്ഞിരുന്നു.

മലപ്പുറം എസ്.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഒടുവില്‍ പ്രതിയെ വലയിലാക്കിയത്. സംസ്ഥാനത്തെ ബാങ്ക് കവര്‍ച്ചകളുടെ ചരിത്രത്തിലാദ്യമായിയാണ് തൊണ്ടിമുതല് സഹിതം പ്രതികള് അറസ്റ്റിലാകന്നത്.

Advertisement