എഡിറ്റര്‍
എഡിറ്റര്‍
കനത്ത മഴയും കാറ്റും; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
എഡിറ്റര്‍
Thursday 30th November 2017 5:25pm

കടപ്പാട്- എ.എന്‍.ഐ

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചായിരിക്കണം രക്ഷാപ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവിക-വ്യോമ സേനകളുടെയും സഹായം തേടണമെന്നും അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Also Read: ശിക്ഷാ നടപടിയെന്ന പേരില്‍ 88 പെണ്‍കുട്ടികളെ നഗ്നരാക്കി പ്രദര്‍ശിപ്പിച്ചു; അരുണാചലില്‍ അധ്യാപകര്‍ക്കെതിരെ നിയമനടപടി


കനത്ത മഴയും കാറ്റും നാശം വിതച്ച ജില്ലകളിലെ കളക്ടര്‍മാര്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നാവികസേനയുടെ ഹെലികോപ്റ്ററുകളും, ഡോര്‍ണിയര്‍ വിമാനവും, കപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കന്യാകുമാരിയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി വിതരണവും തകരാറിലായിട്ടുണ്ട്. മേഖലയില്‍ അങ്ങിങ്ങായി അപകട വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement