എന്ത് മോശമുണ്ടെങ്കിലും കൊല്ലത്തിന്റെ കാര്യം പറയും, ഈ കൊല്ലംകാരൊക്കെ പാവം മനുഷ്യരാണെന്നേ: ഷെഫ് പിള്ള
Entertainment news
എന്ത് മോശമുണ്ടെങ്കിലും കൊല്ലത്തിന്റെ കാര്യം പറയും, ഈ കൊല്ലംകാരൊക്കെ പാവം മനുഷ്യരാണെന്നേ: ഷെഫ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 10:25 pm

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പഴഞ്ചൊല്ലും കഴിഞ്ഞ ദിവസം കൊല്ലത്തുണ്ടായ മര്‍ദനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഒക്കെ പുറത്തുവന്നതോടെ കൊല്ലംകാര്‍ ഇപ്പോള്‍ എയറിലാണ്. ലെയ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കൊല്ലം വാളത്തുങ്കലിലായിരുന്നു സംഭവം. ഏതായാലും വാര്‍ത്തയെത്തിയതോടെ കൊല്ലത്തിനിപ്പോള്‍ ട്രോള്‍ മഴയാണ്.

ഇതിനിടെ കൊല്ലംകാരെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലംകാരന്‍ കൂടിയായ ഷെഫ് പിള്ള. കൊല്ലത്തുള്ളവര്‍ അത്ര പ്രശ്‌നക്കാരല്ലെന്നും പാവം മനുഷ്യരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കൊല്ലംകാര്‍ക്കിപ്പൊ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയാണ്. എന്ത് മോശമുണ്ടെങ്കിലും കൊല്ലത്തിന്റെ കാര്യം പറയും. കൊല്ലംകാര്‍ അങ്ങനെയാണ്, ഇങ്ങനെയാണ്.

പക്ഷെ വളരെ പാവം പിടിച്ച മനുഷ്യന്മാരാണ് കൊല്ലംകാര്. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് മണ്‍റോ തുരുത്ത്,’ ഷെഫ് പിള്ള പറഞ്ഞു.

അതേസമയം വീഡിയോക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. കൊല്ലത്തുനിന്നും കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ രണ്ട് വട്ടം ആലോചിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടെന്ന പഴഞ്ചൊല്ലും കമന്റ് ബോക്‌സില്‍ സജീവമാണ്.

‘ലെയ്‌സ് വേണോ ചേട്ടാ’, ‘കുറച്ച് ലെയ്‌സ് എടുക്കട്ടേ’ തുടങ്ങിയവയാണ് ചില വിരുതന്മാരുടെ കമന്റ്.

Content Highlight: Chef Pillai speaks about kollam