എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രിസ്ഥാനം: യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചെന്നിത്തല
എഡിറ്റര്‍
Thursday 29th March 2012 8:21am

കണ്ണൂര്‍: മുസ്‌ലിം ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കുന്നകാര്യത്തില്‍ യു.ഡി.എഫില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഏപ്രില്‍ മൂന്നിന് ചേരുന്ന കെ.പി.സി.സി നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ചര്‍ച്ച ചെയ്തശേഷം വിവരങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും.

അവസാന തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.  യു.ഡി.എഫിന് പോറലേല്‍ക്കാത്തവിധം പ്രശ്‌നങ്ങള്‍ പരിഹരിക്കും. മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യം എല്ലാ വശങ്ങളും ആലോചിച്ചതിന്‌ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മഞ്ഞളാംകുഴി അലിയെ മുസ്‌ലീം ലീഗിന്റെ അഞ്ചാംമന്ത്രിയാക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായതായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അലിയുടെയും അനൂപ് ജേക്കബിന്റെയും സത്യപ്രതിജ്ഞ ഒരുമിച്ച് നടക്കുമെന്നും  അദ്ദേഹം അറിയിച്ചിരുന്നു.

യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായതാണെന്നും എന്നാല്‍ മാധ്യമങ്ങളില്‍ ഇനിയും തീരുമാനമാകാനുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ട് വന്നതെന്നും അതിനാലാണ് വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തത വരുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അഞ്ചാം മന്ത്രിവിഷയത്തില്‍ ഹൈക്കമാന്റിനെ അറിയിച്ച് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞത്.

Malayalam News

Kerala News in English

Advertisement