സീതാ രാമം ഉള്‍പ്പെടെയുള്ള സിനിമകള്‍ വിജയിക്കുമ്പോള്‍ ലൈഗര്‍ പരാജയപ്പെടുന്നത് നിരാശപ്പെടുത്തുന്നു: ചാര്‍മി കൗര്‍
Film News
സീതാ രാമം ഉള്‍പ്പെടെയുള്ള സിനിമകള്‍ വിജയിക്കുമ്പോള്‍ ലൈഗര്‍ പരാജയപ്പെടുന്നത് നിരാശപ്പെടുത്തുന്നു: ചാര്‍മി കൗര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th August 2022, 5:08 pm

ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍ വലിയ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 3000 ത്തോളം തിയേറ്ററുകളിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ഇതുവരെ 50 കോടി രൂപ പോലും കടക്കാന്‍ സാധിച്ചിട്ടില്ല.

കരണ്‍ ജോഹര്‍ ചിത്രം പ്രൊഡ്യൂസ് ചെയ്തത് ചൂണ്ടിക്കാട്ടി തുടര്‍ന്ന് വലിയ ബോയ്‌കോട്ട് ക്യാമ്പെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമക്കെതിരെ നടന്നത്. ചിത്രത്തിന്റെ മോശം പെര്‍ഫോമെന്‍സിനെതിരെ ഇത് ഭയാനകവും നിരാശാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവും നടിയുമായ ചാര്‍മി കൗര്‍ ഫ്രീ പ്രസ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒറ്റ ക്ലിക്കില്‍ കണ്ടന്റ് വീട്ടിലിരുന്ന് തന്നെ ലഭിക്കുന്നുണ്ട്. വലിയ ബജറ്റില്‍ ഇറങ്ങുന്ന സിനിമകള്‍ പോലും ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ ജനങ്ങളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വരെ അവര്‍ തിയേറ്ററുകളിലേക്ക് എത്തുകയില്ല. എന്നാല്‍ ബോളിവുഡിലെ പ്രശ്നം അതല്ല. ഓഗസ്റ്റില്‍ മൂന്ന് തെലുങ്ക് സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത് – ബിംബിസാര, സീതാ രാമം, കാര്‍ത്തികേയ 2 – ഈ മൂന്ന് സിനിമകളും വമ്പന്‍ കളക്ഷനാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്,’ ചാര്‍മി കൗര്‍ പറഞ്ഞു.

‘ഇതും ഈ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി മനസിലാക്കാന്‍ സാധിക്കുന്നില്ല. സൗത്തില്‍ ഉള്ളവര്‍ സിനിമാ പ്രാന്തന്മാരാണെന്നും നമുക്ക് കരുതാന്‍ സാധിക്കില്ലല്ലോ. ഇത് ഭയാനകവും നിരാശാജനകവുമായ ഒരു അവസ്ഥയാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

‘2019ലാണ് കരണ്‍ ജോഹര്‍ ചിത്രത്തിന്റെ പ്രൊഡ്യൂസറായി വന്നത്. 2020ലാണ് ചിത്രം ഷൂട്ട് തുടങ്ങിയത്. ലോക്ക്ഡൗണ്‍ ആണ് ചിത്രം മൂന്ന് വര്‍ഷം വൈകി 2022ല്‍ റിലീസ് ചെയ്യാനുള്ള ഒരു കാരണം. സിനിമ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പുഷ്പയും ആര്‍.ആര്‍.ആറും റിലീസ് ചെയ്തിട്ട് ലൈഗറിന്റെ റിലീസ് എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതുപോലെ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് ഞങ്ങള്‍ ഓഗസ്റ്റ് 25ന് സിനിമ റിലീസ് ചെയ്തത്.

പുരി ജഗന്നാഥ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി സിനിമയായിരുന്നു ലൈഗര്‍. നൂറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്,’ ചാര്‍മി പറഞ്ഞു.

Content Highlight:  Charmy Kaur says Disappointing to see Liger fail while films including Sita Ram succeed