അരുൺമൊഴി വർണനായി ജയം രവി; മണിരത്നം മാജികിലെ പുതിയ കാര്യക്ടർ പോസ്റ്റർ പുറത്ത്
Entertainment news
അരുൺമൊഴി വർണനായി ജയം രവി; മണിരത്നം മാജികിലെ പുതിയ കാര്യക്ടർ പോസ്റ്റർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th July 2022, 3:56 pm

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിലെ ജയം രവിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. സുവർണ കാലഘട്ടത്തിലെ ശക്തനായ രാജാവായിട്ടാണ് നടൻ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ  പ്രധാനപെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ജയം രവിയുടേത്. സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാന്‍ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ ജൂലൈ എട്ടിനാണ് റിലീസ് ചെയ്യുന്നത്.

വിക്രത്തിന്റെ ആദിത്യ കരികാലന്‍, കാര്‍ത്തിയുടെ വന്തിയത്തേവന്‍, ഐശ്വര്യ റായിയുടെ നന്ദിനി എന്നീ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.


എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Content Highlight : Character poster of  Jayam Ravi released in the movie ponniyan selvan