' തിയ്യരും ഹിന്ദുവത്ക്കരണവും'; ലേഖനം പിന്‍വലിച്ചത് ലേഖകന്റെ താത്പര്യപ്രകാരമെന്ന് ചന്ദ്രിക എഡിറ്റര്‍ സൈതലവി
Details Story
' തിയ്യരും ഹിന്ദുവത്ക്കരണവും'; ലേഖനം പിന്‍വലിച്ചത് ലേഖകന്റെ താത്പര്യപ്രകാരമെന്ന് ചന്ദ്രിക എഡിറ്റര്‍ സൈതലവി
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 1:52 pm

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ച’ തിയ്യരും ഹിന്ദുവത്ക്കരണവും’ എന്ന ലേഖനം പത്രാധിപര്‍ പിന്‍വലിച്ചത്.

ലേഖനം തിയ്യ വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ലേഖനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലേഖകന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

തീയ സമൂദായം എങ്ങനെയാണ് ഹിന്ദുവല്‍ക്കരിക്കപ്പെട്ടത് എന്നതിനെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തയ്യാറാക്കിയതായിരുന്നു ലേഖനമെന്നും തിയ്യ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ലേഖനത്തിലൂടെ ശ്രമിച്ചതെന്നും ലേഖകനും പേരാമ്പ്ര ഗവ. കോളേജ് ചരിത്രവിഭാഗം അസി. പ്രൊഫസറുമായ പി.ആര്‍ ഷിത്തോര്‍ പറഞ്ഞിരുന്നു

എന്നാല്‍ അന്നത്തെ സാമൂഹിക പിന്നോക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന വസ്തുതകളെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും അതുകൊണ്ട് തന്നെ ലേഖനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണെന്നുമായിരുന്നു ഷിത്തോര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ലേഖകന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ലേഖനം പിന്‍വലിച്ചതെന്നും ആ ലേഖനത്തിന്റെ മേലുള്ള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അതുകൊണ്ട് തന്നെ ആ ലേഖനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുമായിരുന്നെന്നാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സി.പി സൈതലവി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ് ഞങ്ങള്‍ ലേഖനം പിന്‍വലിച്ചത്. അതില്‍ പറയുന്ന ചില ഉദ്ധരണികളാണ് ഇപ്പോള്‍ വിമര്‍ശന വിധേയമായത്. ആ ഉദ്ധരണികളത്രയും കേരളത്തിലെ പിന്നാക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വന്നതും മുന്‍ തിരു കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗത്തിന്റെ സെക്രട്ടറിയുമായിരുന്ന സി കേശവന്റെ ആത്മകഥയില്‍ നിന്നുള്ളതും അതുപോലെ തന്നെ ഇതേ സമുദായത്തില്‍ നിന്നും ഉയര്‍ന്ന വന്ന നോവലിസ്റ്റും എഴുത്തുകാരനും ചരിത്രകാരനുമായ ആയിരുന്ന പി.കെ ബാലകൃഷ്ണന്റെ ‘ജാതിവ്യവസ്ഥയും കേരളവും’ എന്ന പുസ്തകത്തില്‍ നിന്നുള്ളതുമായിരുന്നു.

ഇതിന് പുറമെ 19ാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്റെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നുമുള്ള ഉദ്ധരണികളായിരുന്നു അദ്ദേഹം ലേഖനത്തില്‍ ഉപയോഗിച്ചത്.

ആ പുസ്തകങ്ങള്‍ക്കെതിരെയൊന്നും വിമര്‍ശനം ഉയര്‍ന്നിട്ടില്ല. പക്ഷേ ചന്ദ്രികയില്‍ ഇത് വന്നപ്പോള്‍ വിമര്‍ശനം ഉണ്ടായി. ചിലപ്പോള്‍ ഇത് രണ്ടും രണ്ട് കാലമായിരിക്കാം. എന്തായിരുന്നാലും അദ്ദേഹം ലേഖനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

ചന്ദ്രികയെ സംബന്ധിച്ചിടത്തോളം 86 കൊല്ലത്തെ ചന്ദ്രിക പത്രത്തിന്റെ പാരമ്പര്യമുണ്ട്, 70 കൊല്ലത്തെ വാരികയുടെ പാരമ്പര്യമുണ്ട്. ഇതിനിടയില്‍ ഒരു വരി പോലും ഏതെങ്കിലും നിലയ്ക്ക് സാമുദായങ്ങള്‍ തമ്മിലുള്ള വിഭാഗീയതയ്ക്ക് ഇടം നല്‍കുന്നതായിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒരു വരി പോലും വിഭാഗീയതയ്ക്ക് നിമിത്തമാകരുത് എന്ന നിര്‍ബന്ധവും ചന്ദ്രികയ്ക്കുണ്ട്.

അത് ആവിഷ്‌ക്കാര സ്വാന്ത്ര്യമാണെന്നോ ലേഖകന്റെ മൗലികാവകാശമാണെന്നോ ഉള്ള ന്യായങ്ങള്‍ക്കൊന്നും നില്‍ക്കാതെ തന്നെ ലേഖകന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പിന്‍വലിക്കുക എന്ന തീരുമാനം ചന്ദ്രിക എടുക്കുകയായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സി.പി സൈതലവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പാരമ്പര്യമായി കീഴാള സമുദായങ്ങളോട് എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രികയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടും എസ്.എന്‍.ഡി.പി , തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തിലും ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണെന്നും ഷിത്തോര്‍ പറഞ്ഞിരുന്നു.

ജൂണ്‍ 20 ന് ഓണ്‍ലൈനായി ഇറങ്ങിയ ആഴ്ചപ്പതിപ്പിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ലേഖകനെതിരെ ഭീഷണി വന്നത്. ഒ.ബി.സി മോര്‍ച്ച ഉപാധ്യക്ഷന്‍ റിഷി പല്‍പ്പു അടക്കമുള്ളവര്‍ ലേഖനത്തിനെതിരെ രംഗത്തുവന്നിരുന്നു. തിയ്യ സ്ത്രീകളെ മോശമായാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് എന്നായിരുന്നു റിഷിയുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ