'വാ മോനേ, നീ ഓജോബോർഡ് ഒന്നും കളിക്കരുത്, സംഭവം ഉണ്ട്' അതും പറഞ്ഞിട്ട് ലാലേട്ടൻ ചെരിഞ്ഞങ്ങ് പോയി: ചന്തുനാഥ്‌
Entertainment news
'വാ മോനേ, നീ ഓജോബോർഡ് ഒന്നും കളിക്കരുത്, സംഭവം ഉണ്ട്' അതും പറഞ്ഞിട്ട് ലാലേട്ടൻ ചെരിഞ്ഞങ്ങ് പോയി: ചന്തുനാഥ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th November 2023, 6:49 pm

ട്വൽത് മാൻ സെറ്റിൽ വെച്ച് ഓജോ ബോർഡ് കളിച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ ചന്തുനാഥ്‌. താൻ ഗുഡ്സ്പിരിറ്റ് കം എന്നൊക്കെ പറഞ്ഞപ്പോൾ അനു മോഹൻ മെഴുകുതിരി അണച്ചെന്നും അത് കണ്ടിട്ട് എല്ലാവരും പേടിച്ചെന്നും ചന്തുനാഥ് പറഞ്ഞു. വെളിയിൽ ഒരാളെ നിർത്തി ഡോറിൽ അടിക്കാൻ പറഞ്ഞെന്നും പ്രേതം വന്നെന്ന് എല്ലാവരും വിശ്വസിച്ചെന്നും ചന്തുനാഥ്‌ പറഞ്ഞു. എന്നാൽ മോഹൻലാലും ജീത്തുജോസഫും അത് കണ്ട് പിടിച്ചെന്നും ചന്തുനാഥ്‌ കൂട്ടിച്ചേർത്തു.

എല്ലാവരും പോയതിന് ശേഷം മോഹൻലാൽ തന്നെ അടുത്ത് വിളിച്ച് ‘വാ മോനേ, നീ ഓജോബോർഡ് ഒന്നും കളിക്കരുത്. സംഭവം ഉണ്ട്’ എന്ന് പറഞ്ഞ് നടന്ന് പോയെന്നും ചന്തുനാഥ്‌ പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കളിക്കാൻ വേണ്ടിയിട്ടല്ല പറ്റിക്കാൻ വേണ്ടി കളിച്ചിട്ടുണ്ട്. 12 മാൻ സെറ്റിൽ വെച്ച് കളിക്കുന്നതായി അഭിനയിച്ചു. അനു സിത്താര കട്ടിലിന്റെ മേലെയൊക്കെ കേറി നിന്നു, അതിലുള്ള എല്ലാവരെയും പേടിപ്പിച്ചു. അനുമോഹനും ഞാനും ഇരുന്ന് മെഴുകുതിരി കത്തിക്കും. രാത്രി ഷൂട്ട് ഇല്ലാത്തതുകൊണ്ട് എല്ലാവരെയും വിളിച്ച് മുറിക്കുള്ളിൽ ഇരുത്തി.

എല്ലാ ആർട്ടിസ്റ്റും കൂടി ഇരിക്കുകയാണ്. ഞാൻ ഗുഡ്സ്പിരിറ്റ് കം എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ അനു അത് ഊതും. പിന്നെ അത് ഊതി അണയും. വെളിയിൽ ഒരാളെ നിർത്തിയിട്ടുണ്ട് അയാൾ വന്നിട്ട് കതകിൽ ടപ്പേ ടപ്പേ എന്ന് അടിക്കും.

അങ്ങനെ ഒരാൾ വന്ന് എന്ന് എല്ലാവരും വിശ്വസിച്ചു. ലാലേട്ടൻ വന്നു. അപ്പുറത്ത് തട്ട് തട്ടിയപ്പോൾ ഇപ്പുറത്ത് നിന്നും ഒരു തട്ട്. ജീത്തു സാറും മോഹൻലാൽ സാറും കൂടെ ഇടിച്ചുകൊണ്ട് നില്കുന്നു. ഇറങ്ങെടാ വെളിയിൽ നീയാണോ ഇതിന്റെ പുറകിൽ, എല്ലാവരും റൂമിൽ പൊക്കോ എന്ന് പറഞ്ഞു.

എല്ലാവരും പോയി, കോട്ടേജിൽ ഞാൻ മാത്രമായി. ലാലേട്ടൻ എന്നെ വിളിച്ചു എന്നിട്ട് ‘വാ മോനേ, നീ ഓജോബോർഡ് ഒന്നും കളിക്കരുത്. സംഭവം ഉണ്ട്’. ലാലേട്ടൻ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘പിന്നേ ഞാൻ എത്രയോ വട്ടം’ എന്ന് പറഞ്ഞ് പുള്ളി നടന്ന് ചെരിഞ്ഞങ്ങ് പോയി. ഞാൻ പിന്നെ അവിടെ അങ്ങനെ നിന്നു പോയി,’ ചന്തുനാഥ്‌ പറഞ്ഞു.

Content Highlight: Chandhunadh about a funny incident in 12th man set