കേസന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച്ച; അറസ്റ്റ് ചെയ്ത നിരപരാധിയുടെ കുടുംബം പരാതി നല്‍കി
Police
കേസന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച്ച; അറസ്റ്റ് ചെയ്ത നിരപരാധിയുടെ കുടുംബം പരാതി നല്‍കി
സൗമ്യ ആര്‍. കൃഷ്ണ
Thursday, 11th October 2018, 11:58 pm

കണ്ണൂര്‍: മുഖസാദൃശ്യം ചൂണ്ടിക്കാട്ടി തെറ്റായ വ്യക്തിയെ പിടിച്ചുപറി കേസില്‍ പ്രതിയാക്കിയ പൊലീസിനെതിരെ കുടുംബത്തിന്റെ പരാതി. യഥാര്‍ത്ഥ പ്രതി മറ്റൊരാളാണെന്നതിന്റെ തെളിവ് പുറത്ത് വന്നു.

“ജൂലൈ 8 ന് നടക്കുന്ന മകളുടെ നിക്കാഹിന് വേണ്ടി ഗള്‍ഫില്‍ നിന്ന് എത്തിയതാണ് ഞാന്‍. ജൂലൈ 10 ന് രാത്രി പെങ്ങളുടെ വീട്ടില്‍ നിന്ന് മടങ്ങുന്ന വഴി ചക്കരക്കല്‍ എസ്.ഐ ബിജുവും സംഘവും ഞങ്ങളെ തടഞ്ഞു നിര്‍ത്തി. ഒരു ഫോട്ടോ എന്റെ മകനേയും ഭാര്യയേയും കാണിച്ചു. അത് ആരാണെന്ന് ചോദിച്ചു. എന്റെ മുഖവുമായി ഏറെ സാദൃശ്യമുള്ള മുഖമായിരുന്നു ഫോട്ടോയില്‍. മകനും ഭാര്യയും അത് ഞാനാണെന്ന് പൊലീസിനോട് പറഞ്ഞു. അന്ന് എന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി ”

കേരളത്തിലെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുപറി കേസില്‍ 50 ദിവസം റിമാന്‍ഡ് ചെയ്ത താജുദ്ദീന്റെ അനുഭവമാണ് ഇത്. പിടിച്ചുപറി കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ചൂണ്ടിക്കാണിച്ച തെളിവായിരുന്നു അത്. എന്നാല്‍ 50 ദിവസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ താജുദ്ദീന്‍ താന്‍ നിരപരാധിയാണെന്ന് തെളിയിച്ചു.

Also Read: എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ക്ഷേത്രങ്ങള്‍ക്കായി ചെലവാക്കിയത് 70 കോടി രൂപ: കടകംപള്ളി സുരേന്ദ്രന്‍

ജൂണ്‍ അഞ്ചിന് ചക്കരക്കല്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ പത്താം തീയ്യതി രാത്രി ഒന്നരക്കാണ് താജുദ്ധീനെ അറസ്റ്റ് ചെയ്യുന്നത്. പിറ്റേ ദിവസം രാവിലെ താജുദ്ദീനെ തിരിച്ചറിയാന്‍ കൊണ്ടു പോയപ്പോള്‍ ഇയാളെക്കാള്‍ തടിച്ച ആളായിരുന്നുവെന്ന് പരാതിക്കാരിയായ സ്ത്രീ പറഞ്ഞതായി താജുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കുടുംബത്തിനും ബന്ധുക്കള്‍ക്കുമുണ്ടായ മാനക്കേട് ആലോചിക്കുമ്പോള്‍ വിഷം കഴിച്ച് മരിക്കാനായിരുന്നു തോന്നിയത്. പക്ഷേ അത് തെറ്റ് ചെയ്തു എന്ന് സമ്മതിക്കുന്നത് പോലെയാകും. അങ്ങനെ തോറ്റ് കൊടുക്കാന്‍ തോന്നിയില്ല. അത് കൊണ്ടാണ് നിരപരാധിത്വം തെളിയിക്കണം എന്നുറപ്പിച്ചത് – താജുദ്ദീന്‍ പറയുന്നു.

പുറത്തിറങ്ങിയ താജുദ്ദീനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയിലില്‍ കഴിയുന്ന കുറ്റവാളിയുമായുള്ള രൂപസാദൃശ്യമാണ് തനിക്ക് വിനയായത് എന്ന് മനസ്സിലായി. അയാളുടെ ചിത്രങ്ങളടക്കം ഡി.ജി.പിക്ക് പരാതി നല്‍കി. ഈ തെളിവുകളൊന്നും തള്ളിക്കളയാനാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഈ കേസില്‍ അന്വേഷണം തുടരുകയാണ്.

Also Read: പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് ഐക്യരാഷ്ട്രസഭ

മാത്രമല്ല കൃത്യം നടന്നു എന്ന് പറയുന്ന സമയത്ത് താജുദ്ദീന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും പന്തല്‍കടയിലെ ജീവനക്കാരിയും മൊഴി നല്‍കിയതും കൂടുതല്‍ തെളിവായി. അന്നേ ദിവസം താജുദ്ദീന്റെ മൊബൈല്‍ ലൊക്കേഷനും മറ്റൊരു തെളിവായി. പ്രതി ഉപയോഗിച്ചു എന്ന് പറയുന്ന വാഹനം താജുദ്ദീന്‍ ഉപയോഗിക്കുന്നതായി നാട്ടില്‍ ആരും കണ്ടിട്ടില്ല.

ആ നാട്ടില്‍ തന്നെ നടന്ന ഒരു കൊലപാതക കുറ്റവും മറ്റൊരു മോഷണ കുറ്റവും തന്റെ പേരില്‍ ചുമത്താന്‍ ശ്രമിച്ചതായി താജുദ്ദീന്‍ ആരോപിക്കുന്നു. കൊലപാതകം നടന്നത് കുടുംബ സുഹൃത്തിന്റെ വീട്ടിലായിരുന്നത് കൊണ്ട് അവര്‍ എന്റെ മേല്‍ ചുമത്തിയ കുറ്റം നിഷേധിച്ചു.

അഞ്ചാം തീയ്യതി നടന്ന കേസിലാണ് താജുദ്ദീനെ അറസറ്റ് ചെയ്യുന്നത്. എന്നാല്‍ അറസ്റ്റിന് ശേഷം നല്‍കിയ പത്രവാര്‍ത്തയില്‍ അഞ്ച് ആറ് തീയ്യതികളില്‍ നടന്ന മോഷണം നടത്തിയത് താജുദ്ദീനാണ് എന്നായിരുന്നു അച്ചടിച്ചത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ 7 ദിവസത്തേക്ക് റിമാന്‍ഡില്‍ എടുത്തത് എന്ന് താജുദ്ദീന്‍ പറയുന്നു. ഈ വ്യാജ വാര്‍ത്തയെ തുടര്‍ന്ന താജുദ്ദീന്റെ കുടുംബം പത്രസമ്മേളനം നടത്തി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

കസ്റ്റഡിയിലെടുത്ത ദിവസം മുതല്‍ പൊലീസ് തന്നെ മാനസികവും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്ന് താജുദ്ദീന്‍ പറയുന്നു. ജാമ്യം കിട്ടാന്‍ വേണ്ടി ജഡ്ജിക്കു മുന്‍പില്‍ ഈ സത്യം മറച്ചുവച്ചു. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷ തള്ളിച്ചു എന്നും താജുദ്ദീന്‍ ആരോപിക്കുന്നു.

താജുദ്ദീനെ റിലീസ് ചെയ്യാന്‍ ശ്രമിച്ച സുഹൃത്തുക്കളോട് ഇത് നാറ്റക്കേസാണ് ഇതില്‍ ഇടപെടരുത് എന്ന് പറഞ്ഞ് എസ്.ഐ ബിജു പിന്തിരിപ്പിച്ചു. ഇതുവരെ ലഭിച്ചിട്ടില്ലാത്ത തൊണ്ടിമുതല്‍ പൊലീസിന്റെ കൈവശമുണ്ട് എന്നും എസ്.ഐ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു

ഈ കേസിനെ തുടര്‍ന്ന് എന്റെ കുടുംബത്തോട് നാടു വിടാന്‍ പരിസരവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇളയ മകന് സ്‌കൂളില്‍ പോകാന്‍ പറ്റാതെയായി. മകളെ വിവാഹം ചെയ്തയച്ച വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. ഗള്‍ഫിലെ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയാണ്.

ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ചതിന്റെ 50000 രൂപ അക്കൗണ്ടിലുണ്ടായിരുന്നു. അത് തൊണ്ടി വിറ്റതിന്റെ ബാക്കിയാണെന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ സറണ്ടര്‍ ചെയ്തു. ഒപ്പം പാസ്‌പോര്‍ട്ടും സറണ്ടര്‍ ചെയ്യേണ്ടി വന്നുവെന്നും താജുദ്ദീന്‍ പറയുന്നു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.