നിങ്ങള്‍ക്ക് മെസിയെ അറിയില്ല, മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ എല്ലാ ടി-ഷര്‍ട്ടുകളും അലക്കാനുള്ളതാണ്; മെക്‌സിക്കന്‍ പതാക ചവിട്ടിയെന്ന വിവാദത്തില്‍ ഫാബ്രിഗാസ്
football news
നിങ്ങള്‍ക്ക് മെസിയെ അറിയില്ല, മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ എല്ലാ ടി-ഷര്‍ട്ടുകളും അലക്കാനുള്ളതാണ്; മെക്‌സിക്കന്‍ പതാക ചവിട്ടിയെന്ന വിവാദത്തില്‍ ഫാബ്രിഗാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th November 2022, 10:34 pm

അര്‍ജന്റീന- മെക്സിക്കോ മത്സരത്തിന് ശേഷം ലയണല്‍ മെസി മെക്സിക്കന്‍ പതാക ചവിട്ടിയെന്നാരോപിച്ച് മെക്സിക്കന്‍ ബോക്സിങ് താരം കാനലോ അല്‍വാരസ് രംഗത്തെത്തിയിരുന്നു.

തങ്ങളുടെ പതാകയും ജേഴ്സിയും ഉപയോഗിച്ച് അവന്‍ തറ വൃത്തിയാക്കുന്നത് കണ്ടോ? എന്നായിരുന്നു കാനലോ ട്വീറ്ററില്‍ കുറിച്ചത്. ‘ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ,’എന്നും മറ്റൊരു ട്വിറ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ മെസിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസ്.

കാനലോ അല്‍വാരസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത്, നിങ്ങള്‍ക്ക് മെസിയെ അറിയില്ലെന്നാണ് ഫ്രാബ്രികസ് പറഞ്ഞത്. ഒരു ഗെയിമിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നത് മനസിലാക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് ആ വ്യക്തിയെ(മെസിയെ)അറിയില്ല, അല്ലെങ്കില്‍ ഒരു ഡ്രസിങ് റൂം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഒരു ഗെയിമിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നും നിങ്ങള്‍ മനസിലാക്കുന്നില്ല.

മത്സരത്തിന് ശേഷം എല്ലാ ടി-ഷര്‍ട്ടുകളും, അത് നമ്മള്‍ സ്വയം ധരിക്കുന്നവയാണെങ്കിലും തറയിലിടുന്നത് അലക്കാന്‍ പാകത്തിനായിരിക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രധാന വിജയം ആഘോഷിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല,’ എന്നാണ് സെസ്‌ക് ഫാബ്രിഗാസ് ട്വീറ്റ് ചെയ്തത്.

അതേസമയം, കാനലോ അല്‍വാരസ് ആരോപിക്കുന്ന വീഡിയോയില്‍ മെസി മെക്സിക്കന്‍ പതാക ചവിട്ടുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും തന്നെയില്ല. ആഘോഷത്തിനിടെ മെസി നില്‍ക്കുന്നതിന് സമീപം മെക്സിക്കോ ജേഴ്സി കിടക്കുന്നത് കാണാന്‍ സാധിക്കും.

മത്സരത്തിനിടെ ഏതെങ്കിലും താരങ്ങളുമായി മെസി ജേഴ്സി കൈമാറിയിരുന്നോ എന്ന കാര്യവും വ്യക്തമല്ല.

ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മെക്സിക്കോ- അര്‍ജന്റീന മത്സരത്തില്‍ മെസിയും സംഘവും വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

 

Content Highlight: Cesc Fàbregas react  Al ligation  in the Mexican ‘flag trampling’ controversy