രാജ്യദ്രോഹ കുറ്റം: ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം
national news
രാജ്യദ്രോഹ കുറ്റം: ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 6:34 pm

 

ന്യദല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിഷയത്തില്‍ തങ്ങള്‍ നിലപാട് എടുക്കുന്നതുവരെ കോടതി രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹരജികളില്‍ അന്തിമതീരുമാനം എടുക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികള്‍ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ തള്ളാന്‍ നേരത്തെ കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഒറ്റപ്പെട്ട അവസരങ്ങളില്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനുള്ള നിയമം പുനഃപരിശോധിക്കേണ്ടതില്ലെന്നും ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്തുകയാണ് ആവശ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

 

Content Highlights centre filed new affidavit on sedition law plea in supreme court