പള്ളി പൂര്‍ണമായും തുറക്കുകയാണെങ്കില്‍, ചില പ്രശ്നങ്ങളുണ്ട്; നിസാമുദ്ദീന്‍ മര്‍കസിലെ മസ്ജിദ് തുറക്കരുതെന്ന് കേന്ദ്രം
national news
പള്ളി പൂര്‍ണമായും തുറക്കുകയാണെങ്കില്‍, ചില പ്രശ്നങ്ങളുണ്ട്; നിസാമുദ്ദീന്‍ മര്‍കസിലെ മസ്ജിദ് തുറക്കരുതെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th March 2022, 1:43 pm

ന്യൂദല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ മസ്ജിദ് പൂര്‍ണമായി തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍.

ഒരു കൂട്ടം തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മര്‍കസില്‍ താമസിച്ചുവെന്നാരോപിച്ചുകൊണ്ട് 2020 മാര്‍ച്ച് മുതല്‍ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന ആഘോഷങ്ങളായ ഷബ് ഇ-ബാറാത്തും റംസാനും കണക്കിലെടുത്താണ് മസ്ജിദ് പൂര്‍ണമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വഖഫ് ബോര്‍ഡ് ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്റിയുടെ ബെഞ്ചിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, മസ്ജിദ് പൂര്‍ണമായും തുറക്കാന്‍ അനുവദിക്കരുതെന്ന കേന്ദ്ര നിലപാട് അഭിഭാഷകന്‍ രജത് നായര്‍ കോടതിയില്‍ വ്യക്തമാക്കി.

ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പരിമിതമായ ആളുകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും നമസ്‌കരിക്കാനും അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു.

”ഞങ്ങള്‍ അനുവദിച്ചത് ഒന്നാം നിലയില്‍ 50 പേര്‍ക്ക് നമസ്‌കരിക്കാനാണ്. ആ ആളുകള്‍ക്ക് ശബ് ഇ-ബാറാത്തിനും റംസാനും പ്രാര്‍ത്ഥനകള്‍ തുടരാം, പക്ഷേ പള്ളി പൂര്‍ണമായും തുറക്കുകയാണെങ്കില്‍, എനിക്ക് ചില പ്രശ്നങ്ങളുണ്ട്,” രജത് നായര്‍ പറഞ്ഞു.

എന്നാല്‍, മതപരമായ ഒത്തുചേരലിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയ ഡി.ഡി.എം.എയുടെ പുതിയ വിജ്ഞാപനം കണക്കിലെടുത്ത് യാതൊരു നിബന്ധനകളുമില്ലാതെ മസ്ജിദ് തുറക്കണമെന്ന്
വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍, പറഞ്ഞു.

 

 

Content Highlights: Central govt opposes Delhi Waqf Board plea to fully open mosque at Nizamuddin Markaz