ഡീപ് ഫേക്കില്‍ മെറ്റക്കും ഗൂഗിളിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്; അടിയന്തര യോഗം വിളിച്ച് ഐ.ടി മന്ത്രാലയം
national news
ഡീപ് ഫേക്കില്‍ മെറ്റക്കും ഗൂഗിളിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്; അടിയന്തര യോഗം വിളിച്ച് ഐ.ടി മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 3:40 pm

ന്യൂദല്‍ഹി: ഡീപ് ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍ സമൂഹ മാധ്യമസ്ഥാപനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് യോഗം ചേരുന്നത്. സമൂഹ മാധ്യമങ്ങളായ മെറ്റക്കും ഗൂഗിളിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലെ ഡീപ് ഫേക്ക് വീഡിയോകളുടെ പോസ്റ്റിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അഭിനേത്രികളായ രശ്മിക മന്ദാന, കജോള്‍, കത്രീന കൈഫ് എന്നിവരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൃത്തം ചെയ്യുന്ന ഡീപ് ഫേക്ക് വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവി അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്.

ഐ.ടി നിയമമനുസരിച്ച് സമൂഹ മാധ്യമങ്ങളില്‍ യൂസേഴ്‌സ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തില്‍ സ്ഥാപനത്തിന് ഉത്തരവാദിത്തമില്ലെന്ന നിര്‍ദേശം പ്രസ്തുത പ്രശ്‌നത്തിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡീപ് ഫേക്ക് വീഡിയോകളില്‍ നിയന്ത്രണം വരുത്തണമെന്നും കര്‍ശന നടപടികള്‍ എടുക്കണമെന്നും പറഞ്ഞിരുന്നു.

Content Highlight: Central government notices to Meta and Google on deep fake