Administrator
Administrator
അഴിമതി തടയാനുള്ള വ്യാപക നടപടികളുമായി കേന്ദ്രം
Administrator
Thursday 15th September 2011 12:00pm

ന്യൂഡല്‍ഹി: ഭൂമി, പെട്രോള്‍ പമ്പ്, ഫോണ്‍ തുടങ്ങിയവ അനുവദിക്കാന്‍ മന്ത്രിമാര്‍ക്കുള്ള വിവേചനാധികാരം എടുത്തുകളയുക, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍വിരമിച്ചാലും പെന്‍ഷനില്‍ നിന്നു തുക എടുക്കുക, ഉദ്യോഗസ്ഥതലത്തിലെ അഴിമതി അന്വേഷിക്കാന്‍ 71 അതിവേഗ പ്രത്യേക സി.ബി.ഐ. കോടതികള്‍ രൂപീകരിക്കുക തുടങ്ങിയ അഴിമതി തടയാനുള്ള വ്യാപക നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായി, ജനുവരിയില്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടാണു കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

അഴിമതിക്കേസ് നേരിടുന്നവര്‍ വിരമിച്ചാല്‍ അഞ്ചുവര്‍ഷത്തേക്കു 10% പെന്‍ഷന്‍ കുറയ്ക്കും. നിര്‍ബന്ധിത വിരമിക്കലില്‍ പെന്‍ഷന്‍ 20% വെട്ടിക്കുറയ്ക്കും. കേന്ദ്രധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരേ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള മന്ത്രിസഭാസമിതിയുടെ തീരുമാനപ്രകാരമാണ് അതിവേഗ കോടതികള്‍ രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുന്നു എന്നുറപ്പു വരുത്തുന്ന പൗരാവകാശ ബില്‍ ഉടന്‍ കൊണ്ടു വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിലെ പണസ്വാധീനം കുറയ്ക്കുന്നതിനായി ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തു തന്നെ എല്ലാ കക്ഷിനേതാക്കളുടെയും യോഗം പ്രധാനമന്ത്രി വിളിക്കും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കുക, കുറ്റവാളികള്‍ക്കു മത്സരിക്കാന്‍ അനുമതി നല്‍കാതിരിക്കുക തുടങ്ങിയ തര്‍ക്കവിഷയങ്ങളും ചര്‍ച്ചചെയ്യും.

അണ്ണാ ഹസാരെയുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണോ നടപടി എന്ന ചോദ്യത്തിന്, സമരത്തെക്കുറിച്ചു ഹസാരെ ആലോചിക്കുന്നതിനു മുന്‍പു ജനുവരി ആറിനു തന്നെ കേന്ദ്രസര്‍ക്കാര്‍ ഉപസമിതിക്കു രൂപംനല്‍കിയിരുന്നുവെന്നു കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥതലത്തിലുളള അഴിമതികള്‍ നിയന്ത്രിക്കുക, കേസുകളില്‍ വേഗം തീര്‍പ്പാക്കുക, അന്വേഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശിപാര്‍ശ നടത്തുകയായിരുന്നു സമിതിയുടെ ദൗത്യം. തുടര്‍ന്ന് സമിതി കൈമാറിയ ശിപാര്‍ശകള്‍ പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി നിയമം കൊണ്ടുവരുമെന്ന് ഖുര്‍ഷിദ് പറഞ്ഞു. ജനപ്രതിനിധികളെ തിരിച്ചുവിളിക്കല്‍, ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സര്‍വകക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കും. ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍നിന്നു പിന്മാറില്ലെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ബില്‍ കൊണ്ടുവരുമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ വീട് ബിഹാറിലെ പട്‌നയില്‍ പിടിച്ചെടുത്തു സ്‌കൂള്‍ ആക്കി മാറ്റിയിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം പിടിക്കാനുള്ള നിയമം ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന്റെ തുടര്‍നടപടികളുടെ ഭാഗമാണിത്. 2ജി സ്‌പെക്ട്രം, ആദര്‍ശ് ഫഌറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയ ആരോപണങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിസഭാ സമിതിയെ നിയമിച്ചത്.

Advertisement