ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് വിലവെക്കാതെ സുരക്ഷാ ഉപകരണങ്ങള്‍ വിറ്റുതീര്‍ത്ത കേന്ദ്രം രാജ്യത്തോട് ചെയ്തത്
ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 രാജ്യത്ത് പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യപ്രവര്‍ത്തകള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരുന്നു

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ട സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ആരോഗ്യ മേഖലയില്‍ നിന്നും അവശ്യ വസ്തുക്കളുടെ ക്ഷാമം നേരിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും രൂക്ഷ വിമര്‍ശനമാണ് മാസ്‌ക് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ക്ഷാമം നേരിടുന്നതിനെതിരെ ഉന്നയിക്കുന്നത്.

കൊവിഡ് വൈറസ് ഇന്ത്യയെയും സാരമായി ബാധിക്കും എന്ന സാഹചര്യം നിലനില്‍ക്കെ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തതിനെതിരെ ആരോഗ്യ മേഖലയില്‍ നിന്നും കടുത്ത എതിര്‍പ്പുകളാണ് ഉയരുന്നത്. വിദേശ രാജ്യങ്ങളിലെ സ്ഥിതി മനസിലായിട്ടും കരുതല്‍ ഇല്ലാത്ത നടപടിയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങളിലും വന്‍ തോതിലാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കൊറോണ പ്രതിരോധത്തിന് ആവശ്യമായ എക്യുപ്മെന്റുകള്‍ കയറ്റുമതി ചെയ്യപ്പെട്ടത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൈയടിക്കാന്‍ പറഞ്ഞ മാര്‍ച്ച് 22 ന് മൂന്ന് ദിവസം മുന്‍പ് വരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിനായി ആവശ്യമുള്ള വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തു എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നത്.

ലോക ജനസംഖ്യയില്‍ രണ്ടാമതുള്ള ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ 145ാമതുള്ള ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകള്‍ കയറ്റി അയക്കുകയായിരുന്നു കഴിഞ്ഞ മാര്‍ച്ച് 19 വരെ. കയറ്റുമതി നിര്‍ത്തിവെക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ലഭിച്ച് ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമാണ് ഇന്ത്യ അത് അനുസരിക്കാന്‍ തയ്യാറായത്. അതായത് മാര്‍ച്ച് 19ന് ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 180 കടന്ന ദിവസം.

ജനുവരി 31ന് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രെയ്ഡ് എല്ലാ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകളുടെയും കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഫ്രെബ്രുവരി 8ന് അതായത് കൊവിഡ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും കയറ്റുമതിയ്ക്ക് അനുമതി നല്‍കുകയായിരുന്നു എന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു. പിന്നീട് ഫെബ്രുവരി 25ന് ഇറ്റലിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രസ്തുത ഉത്തരവില്‍ വീണ്ടും ഇളവ് നല്‍കി സര്‍ക്കാര്‍ 8 ജീവന്‍ രക്ഷാ ഉത്പന്നങ്ങള്‍ കൂടി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ എന്‍.95 മാസ്‌ക് ഒഴികെയുള്ള ആവശ്യവസ്തുക്കള്‍ മാത്രമാണ് കയറ്റി അയച്ചതെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നത്.

സര്‍ജിക്കല്‍ മാസ്‌ക് കയറ്റി അയച്ചത് മെഡിക്കല്‍ എക്യുപ്മെന്റ് ഇന്‍ഡസ്ട്രിയുടെ ആവശ്യ പ്രകാരമാണെന്നും ഇന്ത്യയില്‍ ആവശ്യത്തിന് സപ്ലൈ ന്യായവിലയില്‍ ലഭ്യമാക്കി കൊള്ളാം എന്ന ഉറപ്പ് മെഡിക്കല്‍ എക്യുപ്മെന്റ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചതിന് ശേഷം മാത്രമാണ് കയറ്റുമതിയ്ക്ക് അനുമതി നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വാദം. അതേസമയം ഇന്ത്യയില്‍ ആവശ്യത്തിന് എന്‍ 95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യതക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകള്‍ ശേഖരിക്കുന്നത് പ്രധാനമായും എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിയാണ്. ഒരു കിറ്റിന് ആയിരം രൂപയാണ് നിലവില്‍ എച്ച്.എല്‍.എല്‍ ഈടാക്കുന്നത്. ഇതിലും ചുരുങ്ങിയ വിലയില്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ് ലഭ്യമാക്കാന്‍ കഴിയുമെന്നും കൊവിഡ് അടിയന്തിര ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ മറ്റ് പദ്ധതികളും മുന്നില്‍ കാണണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

തികച്ചും ദീര്‍ഘവീക്ഷണമില്ലാത്ത, കണ്‍മുന്നില്‍ നടക്കുന്നത് കാണാത്ത നടപടിയാണ് സര്‍ക്കാരിന്റേത് എന്നാണ് ഉയരുന്ന വിമര്‍ശനങ്ങളില്‍ ഏറെയും. ഇതിന് രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെന്റിലേറ്റര്‍, മാസ്‌ക് തുടങ്ങി ജീവന്‍ രക്ഷാ ഉപാധികളുടെ കയറ്റുമതി തടയാന്‍ വൈകിയതില്‍ തിങ്കളാഴ്ച്ച വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘വെന്റിലേറ്റര്‍, മാസ്‌ക് ഇവയുടെ കയറ്റുമിയമതി നടത്താന്‍ മാര്‍ച്ച് 19വരെ അനുവാദം കൊടുത്തു, നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടായിരുന്നോ?. ഏത് തരം ശക്തികളാണ് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണോ?’, എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.

ചെറിയ പാളിച്ചകള്‍ക്ക് പോലും രോഗത്തെ പിടിച്ചു കെട്ടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് കണ്‍മുന്നില്‍ തന്നെ ഉദാഹരണം ഉണ്ടായിരിക്കെ സര്‍ക്കാര്‍ എല്ലാ തരത്തിലും കൊവിഡിനെ നേരിടാന്‍ സജ്ജമാകേണ്ടിടത്ത് ഇത്തരം ഗുരുതര പാളിച്ചകള്‍ വലിയ അപകടം തന്നെ വിളിച്ചു വരുത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അത്യസാധാരണ സാഹചര്യത്തെ നേരിടാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ ഈ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ രക്ഷാ ഉപാധികളുടെ ക്ഷാമം ഒരിക്കല്‍ പോലും നേരിടാന്‍ പാടില്ലാത്തത് രാജ്യത്തിന്റെ ആവശ്യമാണ്.