50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി
Education
50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി
ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 11:55 am

ന്യൂദല്‍ഹി: രാജ്യത്തെ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. ഇതോടെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ചുള്ള (1 മുതല്‍ 5 വരെ പ്രൈമറി, 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറി, 9, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും 11, 12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി) രീതിക്ക് മാറ്റം വരും.

പുതിയ നയപ്രകാരം 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തില്‍പ്പെട്ട കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും.

3 മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടത്തില്‍ പ്രീ-പ്രൈമറി ക്ലാസുകളാണ് ആദ്യത്തേത്. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.

സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ നിര്‍ബന്ധമാകുമ്പോള്‍ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.

കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10, പ്ലസ് 2 എന്ന രീതിയിലേക്ക് അവംലംബിച്ചത്.

2017-ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിനായി കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.