പോളിങ്ങ് ബൂത്തിലെ കേന്ദ്ര സേനാംഗങ്ങള്‍ മോദിക്ക് വേണ്ടി വോട്ടു പിടിക്കുന്നു; മമതാ ബാനര്‍ജി
D' Election 2019
പോളിങ്ങ് ബൂത്തിലെ കേന്ദ്ര സേനാംഗങ്ങള്‍ മോദിക്ക് വേണ്ടി വോട്ടു പിടിക്കുന്നു; മമതാ ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 6:16 pm

കൊല്‍ക്കത്ത: ബംഗാളിലെ മല്‍ദഹ ദക്ഷിണ്‍, ബാലുര്‍ഘട്ട് മണ്ഡലങ്ങളില്‍ സുരക്ഷയ്ക്കായി വിന്യസിച്ച കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥര്‍ മോദിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടതായി മമതാ ബാനര്‍ജി.

ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കേന്ദ്ര സേനയ്ക്ക് അധികാരമില്ലെന്നും, സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.

‘മല്‍ദഹ ദക്ഷിണിലെ ഇംഗ്ലീഷ് ബസാറിലെ ബൂത്തിലിരിക്കുന്ന കേന്ദ്ര സേന വോട്ടര്‍മാരോട് ബി.ജെ.പി വോട്ടു ചെയ്യാനാവശ്യപ്പെടുന്നതായി എനിക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് അങ്ങനെയൊന്ന് ചെയ്യാനുള്ള അവകാശമില്ല. ഈ സംഭവത്തെക്കുറിച്ച് ഞങ്ങളുടെ കാഴ്ചപ്പാട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എന്തിനാണവര്‍ അങ്ങനെ ചെയ്യുന്നത്. പൊലീസിന് പോളിങ്ങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല’- മമത പറഞ്ഞു.

2016ല്‍ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇത് ചെയ്തിരുന്നെന്നും, താനത് മറന്നിട്ടില്ലെന്നും മമത പറഞ്ഞു. ബംഗാള്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ശക്തമായ സംഘര്‍ഷ സംഭവങ്ങളാണ് മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സംസ്ഥാനത്തെ ഒരു വോട്ടര്‍ കുത്തേറ്റു മരിച്ചിരുന്നു.

പിയറുല്‍ ഷെയ്ക്ക് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. മുര്‍ഷിദാബാദിലെ ഭാഗ്വന്‍ഗോളയില്‍ വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലും പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി ക്യാമ്പ് ഓഫീസ് കൊള്ളയടിച്ചതായും ആരോപണമുണ്ട്. മോത്തിഗുഞ്ച് മേഖലയിലെ ഓഫീസ് കൊള്ളയടിച്ചെന്നാണ് ആരോപണം.

ഉത്തര്‍ദിനാജ്പൂരിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

പശ്ചിമബംഗാളിലെ ആദ്യ വോട്ടെടുപ്പിനിടയിലും വ്യാപകമായ അക്രമസംഭവങ്ങല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. റായ്ഗുഞ്ചിലെ ചോപ്രയില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബൂത്ത് നമ്പര്‍ 112ലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകര്‍ത്തിരുന്നു.

വോട്ടെടുപ്പിന്റെ എട്ടു ഘട്ടങ്ങളിലും ബംഗാളില്‍ വോട്ടെടുപ്പുണ്ടാകും.