എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് കെജ്‌രിവാള്‍
national news
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 3:35 pm

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പത്ത്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയില്‍ കൊവിഡിന്റെ നാലാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ അപ്പീല്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 13,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും സ്ഥിതി രൂക്ഷമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

തിങ്കളാഴ്ച മാത്രം ദല്‍ഹിയില്‍ 11,491 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 72 ആളുകള്‍ മരിച്ചിട്ടുണ്ട്.

‘ഏകദേശം ആറ് ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കേണ്ടി വരും. പല എക്‌സാം സെന്ററുകളും ഹോട്ട്‌സ്‌പോട്ടാണ്. കുട്ടികളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരീക്ഷകള്‍ നടത്തരുതെന്നാണ് സി.ബി.എസ്.ഇയോട് പറയാനുള്ളത്. ഈയൊരു അവസരത്തില്‍ ഓണ്‍ലൈന്‍ രീതികളെ ആശ്രയിക്കേണ്ടി വരും. വിവിധ രാജ്യങ്ങള്‍ ഇതിനോടകം പരീക്ഷകള്‍ ഉപേക്ഷിച്ച് കഴിഞ്ഞു,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മെയ് നാലിനാണ് സി.ബി.എസ്.ഇ പരീക്ഷകള്‍ നടത്താനുദ്ദേശിച്ചിരുന്നത്.

അതേ സമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കൊവിഡ് രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ പലതും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹം സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് വിവിധ ആശുപത്രികള്‍.

റായ്പുരിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയില്‍ സ്‌ട്രെച്ചറുകളിലും നിലത്തും നിരയായി മൃതശരീരങ്ങള്‍ കൂട്ടിയിടേണ്ട അവസ്ഥയാണ്.

ആശുപത്രി വരാന്തകളില്‍ കിടത്താനിടമില്ലാതെ പുറത്ത് വെയിലില്‍ കിടത്തിയിരിക്കുകയാണ് മൃതദേഹങ്ങള്‍. ഇതിന്റെ നടുക്കുന്ന വീഡിയോകളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതാവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CBSC  board exams cancel board exams promote on basis on online exams or internal assessment arvind kejriwal to centre on board exams covid