കേന്ദ്രസര്‍ക്കാരിന് കീഴില്‍ സി.ബി.ഐ മുറുക്കാന്‍കടയായി; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മന്ത്രി
India
കേന്ദ്രസര്‍ക്കാരിന് കീഴില്‍ സി.ബി.ഐ മുറുക്കാന്‍കടയായി; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 1:17 pm

മുംബൈ: സി.ബി.ഐയുടെ അധികാരപരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ഒരു മുറുക്കാന്‍ കടയായി മാറിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.

‘ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ സി.ബി.ഐ ഒരു ‘പാന്‍കട’യായി ആയി മാറിയിരിക്കുന്നു. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന ഏത് സംസ്ഥാനത്തും പോയി ആര്‍ക്കെതിരെയും കേസെടുക്കാമെന്ന അവസ്ഥയായിയിരുന്നു. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഒരു അടിസ്ഥാനവുമില്ലാതെ നടപടിയെടുക്കാന്‍ സി.ബി.ഐ തയ്യാറായി. അതുകൊണ്ട് തന്നെ കോടതിയുടെ ഉത്തരവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് ഇനിമുതല്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണം. അനുമതിയില്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CBI Has Turned Into A “Pan Shop” Under BJP Government: Maharashtra Minister