സവര്‍ണ്ണ-അക്രമത്തിന്റെ പര്യായങ്ങള്‍
Opinion
സവര്‍ണ്ണ-അക്രമത്തിന്റെ പര്യായങ്ങള്‍
സി ബി മോഹന്‍ദാസ്
Friday, 18th January 2019, 7:51 pm

ജാതിഹിന്ദു-സഹപാഠികളില്‍ നിന്നുണ്ടാകാനിടയുള്ള അക്രമം ഭയന്ന്, തങ്ങള്‍ ദളിതരാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. ഇതു കഴിയാത്തവര്‍ക്ക് ഏതുസമയത്തും ജാതീയാക്രമണം ഭയപ്പെടേണ്ട സ്ഥിതിയും സാധാരണമാണ്. ജാതിനിലകൊണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവങ്ങള്‍ ചിലപ്പോള്‍ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്നതു തന്നെയില്ല.

എന്നിരുന്നാലും പുറത്തുവരുന്ന സംഭവങ്ങളില്‍ നിന്ന് നിലവിലുള്ള അവസ്ഥയെപ്പറ്റിയുള്ള വ്യക്തമായ ഒരു ധാരണ രൂപപ്പെടുത്താനാകും. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ദയാല്‍ സിങ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന അഷീഷ് ബെനിവാള്‍ ആക്രമിക്കപ്പെട്ട സംഭവം 2018 ഫെബ്രുവരി 13-ന് ദ് ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

തങ്ങളോടൊപ്പം പഠിക്കാന്‍ ഒരു ദളിതന്‍ എങ്ങനെ ധൈര്യപ്പെട്ടു എന്നു ചോദിച്ച് മാസങ്ങളോളം ശല്യപ്പെടുത്തിയതിനു ശേഷമാണ് ബെനിവാളിനു നേരെ ആക്രമണമുണ്ടായത്. ഐസ് പിക്, പൊട്ടിച്ചെടുത്ത കുപ്പി എന്നിവയുപയോഗിച്ച് അയാളുടെ മുഖത്ത് അക്രമികള്‍ പതിനാലോളം മുറിവുകളുണ്ടാക്കി. ഇതു നടന്നത് ഫെബ്രുവരി ഏഴാം തീയതിയായിരുന്നു.

ALSO READ: Video Story: സംവരണത്തിന്റെ ഔദാര്യം കിട്ടുന്നവര്‍ വര്‍ത്തമാനം പറയേണ്ട’, ‘നിങ്ങള്‍ നല്ല പിള്ളേരുടെ അവസരം കളഞ്ഞു’ സംവരണ വിരുദ്ധപരാമര്‍ശവുമായി കോഴിക്കോട് ലോ കോളെജ് അധ്യാപിക

 

തുടര്‍ന്ന് ലോധി കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനെത്തിയപ്പോള്‍ ജാതി-പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ പരാതിയാണ് അഭികാമ്യം എന്ന ഉപദേശമാണ് ബെനിവാളിനും കൂട്ടുകാര്‍ക്കും ലഭിച്ചത്. സമാനമായ മറ്റു പല സംഭവങ്ങളിലുമെന്നപോലെ, ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അത് വഴിതിരിച്ചുവിടുന്നതും ഇവിടെ സംഭവിച്ചു.

ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസേനയെന്നോണം നേരിടേണ്ടിവരുന്ന ഭീഷണികളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഇന്ത്യയിലെ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കീഴ്ജാതിക്കാര്‍ക്കോ മത-ന്യൂനപക്ഷങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല എന്ന സന്ദേശം വ്യക്തമായി നല്‍കുന്ന അധികാരസ്ഥാനങ്ങളും ആള്‍ക്കൂട്ടങ്ങളും സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയുകയും അക്രമമുപയോഗിച്ച് അത് സാധിച്ചെടുക്കുകയും ചെയ്യുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഇതിനെതിരെ നിലപാടെടുക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയും ആള്‍ക്കൂട്ട-അക്രമങ്ങള്‍ക്കു വിട്ടുകൊടുത്തും നിശ്ശബ്ദരാക്കാനുള്ള അടവുകളും തന്ത്രങ്ങളും ഇന്ന് സുസ്സജ്ജമാണ്. ആദ്യത്തേതു നടക്കാത്തപ്പോള്‍ രണ്ടാമത്തേത് എന്ന യുക്തി പോലും ഇതില്‍ പ്രവര്‍ത്തിക്കുന്നില്ല. ജെ.എന്‍.യു-വിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രവര്‍ത്തകരില്‍ ചിലര്‍ ഇന്നു നേരിടുന്നത് ഇത്തരം പ്രശ്‌നങ്ങളാണ്.

ഭീഷണി, വധശ്രമം, സെഡീഷന്‍ ചാര്‍ജ് തുടങ്ങി പല തന്ത്രങ്ങളും ഇവര്‍ക്കെതിരെ പ്രയോഗിക്കപ്പെടുന്നു. നജീബ് എന്ന വിദ്യാര്‍ത്ഥി ജെ.എന്‍.യു-വില്‍ നിന്ന് അപ്രത്യക്ഷനായിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി എന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

ലളിതവും അതതു സമൂഹങ്ങളില്‍ സ്വീകാര്യവുമായ രീതികളില്‍ നടക്കുന്ന ആള്‍ക്കൂട്ട വിചാരണകളുടെയും കൊലപാതകങ്ങളുടെയും പിന്നിലുള്ള യുക്തിയും കര്‍മ്മപദ്ധതികളുമാണ് സ്വാഭാവികമായും കാമ്പസ്സുകളിലും പ്രവര്‍ത്തിക്കുന്നത്. അക്രമത്തിന്റെ അനുപാതത്തിലും വ്യാപ്തിയിലും (തീവ്രതയില്‍ വ്യത്യാസമില്ല) കുറവുള്ളതുകൊണ്ട് താരതമ്യേന കുറഞ്ഞ ശ്രദ്ധയാണ് കാമ്പസ്സ് അതിക്രമങ്ങള്‍ക്ക് ലഭിക്കുന്നത് എന്നു മാത്രം.

ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് അജ്ഞരായവരോ അജ്ഞത അഭിനയിക്കുന്നവരോ ആണ് ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത്. മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട് എന്ന് കാണാതിരിക്കുന്നത് അക്രമത്തിന്റെ ലഹരി മധുരതരമാക്കുന്നു. ഭരണഘടനയ്ക്കു മുകളില്‍ “പാരമ്പര്യ”മൂല്യങ്ങള്‍ പ്രതിഷ്ഠിക്കുന്നതോടുകൂടി മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കൂടുതല്‍ അദൃശ്യമാകുകയും ചെയ്യുന്നു.

ALSO READ: സാമ്പത്തിക സംവരണം, സംവരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം

ഭരണകൂടം സിവില്‍ സമൂഹം എന്നിവയൊന്നും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു ഭിന്നമായി ശൂന്യതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രതിഭാസങ്ങളല്ല. ഭരണകൂടം നിലനില്‍ക്കുന്നത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന നിരവധി മനുഷ്യരുടെ ഇടപെടലില്‍ കൂടിയാണ്. നിയമപരമായി അംഗീകരിക്കപ്പെട്ട ഭരണഘടനയുടെ നിര്‍ദ്ദേശങ്ങളും നിബന്ധനകളുമല്ല ഈ ഇടപാടുകാരെ എല്ലായ്‌പ്പോഴും നിയന്ത്രിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അദൃശ്യമായും അല്ലാതെയും തുരങ്കംവയ്ക്കാന്‍ കഴിയുന്ന നിരവധി ഘടകങ്ങള്‍ ഭരണയന്ത്രത്തിലും സിവില്‍ സമൂഹരൂപങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദളിത്/ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ നീതിയന്വേഷിക്കുമ്പോള്‍ പൊലീസില്‍ നിന്നും (ചിലപ്പോള്‍ കോടതികളില്‍ നിന്നു തന്നെയും) നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ ഇത്തരം അട്ടിമറികളുടെ ഭാഗമായി വേണം കാണാന്‍.

ഇതുപോലെയുള്ള അക്രമസംഭവങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്ന ഒരു പൊതുധാരണ നിലവിലുള്ളതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. ഭരണഘടനയെക്കുറിച്ചും അത് ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും അറിയാത്തവരും അതിനു താല്പര്യമില്ലാത്തവരും കേരളത്തിലും നിരവധിയുണ്ട്. അവരില്‍ ചിലര്‍ അക്രമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നതും ശരിയാണ്. എന്നിരുന്നാലും, അഷീഷ് ബെനിവാളിനോ ഉമര്‍ ഖാലിദിനോ സംഭവിച്ചത്/സംഭവിക്കുന്നത് ഇവിടെ സാധാരണമല്ല എന്നല്ല പറയേണ്ടത്; ഇവിടെ കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയല്ല എന്നാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശിലും ബിഹാറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളൊന്നും കേരളത്തിലുണ്ടായില്ല എന്ന ഉദാഹരണം തന്നെയെടുക്കുക. അക്രമാസക്തമായ പ്രതിഷേധങ്ങളുണ്ടായില്ലെങ്കിലും ഇപ്പറഞ്ഞ സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്ന സംവരണവിരുദ്ധമനോഭാവം അതേ തീവ്രതയോടെ മലയാളി-മനോമണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നത് അപകടകരമാണ്.

അക്രമാസക്തമാകുന്ന ജാതീയതയുടെയും ഇതരമതവിരോധത്തിന്റെയും ശുദ്ധഗതി പോലുമില്ലാതെ നിലനിര്‍ത്തുന്ന ഒരു മനോഭാവമാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ ഓരോ അവതാരവും തിരിച്ചറിയുന്നത് പ്രധാനമാകുന്നു.

കേരളത്തിലെ അക്രമരഹിതവും ഭാവശുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നതുമായ സംവരണവിരുദ്ധ-നിലപാടിന്റെ മറ്റൊരവതാരമാണ് ജനുവരി പതിനഞ്ചാം തിയതി കോഴിക്കോട് ലോ കോളെജില്‍ നടന്നത്. ഹാജര്‍ എടുക്കുന്നതിനിടയില്‍ സംസാരിച്ചു എന്ന കുറ്റം കണ്ടെത്തി, അതു ചെയ്ത വിദ്യാര്‍ത്ഥികള്‍ സംവരണനിയമമനുസരിച്ച് പ്രവേശനം നേടിയതാണെന്ന് ഒരു അദ്ധ്യാപിക അവരെ ഓര്‍മ്മിപ്പിച്ച സംഭവം, സംവരണത്തെപ്പറ്റി മലയാളികള്‍ക്കിടയില്‍ വ്യാപകമായ ഒരു പൊതുബോധത്തില്‍നിന്ന് ഉരുത്തിരിയുന്നതാണ്.

എളുപ്പത്തില്‍ പ്രവചിക്കാനാകുന്നതുപോലെതന്നെ, “സംവരണത്തിന്റെ ഔദാര്യം,” “മറ്റു കുട്ടികളുടെ അവസരം” എന്നീ പദപ്രയോഗങ്ങള്‍ അധ്യാപികയുടെ ശകാരത്തിലുണ്ടായിരുന്നു. ഇന്ത്്യന്‍ ഭരണഘടനയനുസരിച്ച് സംവരണം ഒരു ഔദാര്യമല്ല, മറിച്ച് ഒരവകാശമാണെന്നും നൂറ്റാണ്ടുകളായി നിലനിന്ന അനീതിയും അവസരനിഷേധവും തിരുത്തുന്നതിനുള്ള അവസരമാണ് അത് വാഗ്ദാനം ചെയ്യുന്നത് എന്നും നിയമപാണ്ഡിത്യമില്ലാത്തവര്‍ക്ക് പോലും മനസ്സിലാക്കാന്‍ വിഷമമില്ലാത്ത കാര്യമാണ്.

എന്നിട്ടുകൂടി ഭരണഘടയ്‌ക്കെതിരായ ഒരു നിലപാടെടുക്കാനും അതുപയോഗിച്ച് സംവരണാനുകൂല്യം നേടിയ വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കാനും നിയമം പഠിപ്പിക്കുന്ന ഒരാള്‍ക്ക് ഒരു സങ്കോചവുമുണ്ടായില്ല എന്നത് ഗൗരവമായി കാണേണ്ടതാണെന്നതില്‍ സംശയമില്ല. ഒരു നിയമവിദ്യാലയത്തില്‍തന്നെ എത്ര ലളിതമായ രീതിയിലാണ് ഭരണഘടന പരിഹസിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് എന്നതിന് നല്ല ഒരു ഉദാഹരണവുമാണിത്. മനുഷ്യാവകാശബോധമുള്ളവരെ അസ്വസ്ഥരാക്കുന്ന മറ്റൊരു വിരോധഭാസം കൂടി ഈ സംഭവത്തിലുണ്ട്. ഇതേ അധ്യാപികയാണ് പ്രസ്തുത ക്ലാസ്സില്‍ ഭരണഘടന പഠിപ്പിക്കുന്നത്!

ശരീരത്തില്‍ മുറിവുണ്ടാകുന്ന തരത്തില്‍ ആക്രമിക്കുക എന്ന ഉത്തരേന്ത്യന്‍ രീതിയെക്കാള്‍ മലയാളികള്‍ ഇഷ്ടപ്പെടുന്നത് മനസ്സില്‍ മുറിവുണ്ടാക്കുന്ന ആക്രമണങ്ങളാണെന്നു തോന്നുന്നു. ആരൊക്കെയാണ് സംവരണാനുകൂല്യത്തില്‍ പ്രവേശനം നേടിയത് എന്ന് മനസ്സിലാക്കി ഓര്‍മ്മയില്‍ സൂക്ഷിക്കുകയും യോജിച്ച സന്ദര്‍ഭം വരുമ്പോള്‍ അതുപയോഗിച്ച് അവരെ അപമാനിക്കുകയും ചെയ്യുക എന്നത് വിചിത്രമായ ഒരു സാമൂഹ്യരോഗമാണ്.

വിചിത്രമെന്നതുപോലെ ഇത് സാധാരണവുമാണ് എന്നു വരുമ്പോള്‍ വ്യക്തമാകുന്നത് സമൂഹത്തിന്റെ രോഗാവസ്ഥ തന്നെയാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിലനില്‍ക്കാത്ത ഈ അവസ്ഥ, ഒരു സമൂഹം എന്ന നിലയില്‍ കേരളീയര്‍ എവിടെയാണു നില്‍ക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്‌കാരമുള്ള (civilized) ഒരു സമൂഹം എന്ന നിലയിലെത്തുന്നതിന് കേരളം ഇനിയും വളരെ മുന്‍പോട്ടു പോകേണ്ടിവരും എന്നാണ് ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നത്.

ഭരണഘടന ഓരോ വ്യക്തിക്കും ഉറപ്പുനല്‍കുന്ന സുരക്ഷ അവര്‍ക്കു ലഭ്യമാകാതിരിക്കാന്‍ ബോധപൂര്‍വ്വമായും അല്ലാതെയും പരിശ്രമിക്കുന്ന നിരവധി വ്യക്തികളും ആള്‍ക്കൂട്ടങ്ങളും ഇന്ത്യന്‍ സമൂഹത്തിലുണ്ട്. വിപുലമായ ഈ പശ്ചാത്തലത്തില്‍ അതിന്റെ ഇടം കണ്ടെത്തിവേണം ലോ കോളെജില്‍ നടന്ന സംവരണവിരുദ്ധപരാമര്‍ശവും അപമാനശ്രമവും മനസ്സിലാക്കാന്‍. ഒരു വ്യക്തിയുടെ പൗരാവകാശധാരണയില്ലായ്മയോ നിയമബോധമില്ലായ്മയോ മാത്രമല്ല ഈ സംഭവത്തില്‍ പ്രതിഫലിക്കുന്നത്.

കേരളത്തില്‍ ഇതു നടക്കുന്നുണ്ട് എങ്കില്‍ ഓരോ മലയാളിക്കും സംഭവത്തില്‍ ഉത്തവാദിത്വമുണ്ട് എന്ന് ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം സംഭവങ്ങള്‍ നടക്കാനനുവദിക്കുന്ന പൊതുബോധം എത്രമാത്രം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് തുറന്നു കാണിക്കുന്നതില്‍ കേരളസമൂഹം ഇതുവരെ വിജയിച്ചിട്ടില്ല എന്നും ഓര്‍മ്മിക്കേണ്ടതാണ്.

WATCH THIS VIDEO:

സി ബി മോഹന്‍ദാസ്
തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ അധ്യാപകന്‍