കൊവിഡ് പ്രതിരോധം; വിവിധ പദ്ധതികളുമായി ഫെഫ്ക; തൊഴിലാളികള്‍ക്ക് വിഷുവിന് മുമ്പ് സഹായം; ബി ഉണ്ണികൃഷ്ണന്‍
COVID-19
കൊവിഡ് പ്രതിരോധം; വിവിധ പദ്ധതികളുമായി ഫെഫ്ക; തൊഴിലാളികള്‍ക്ക് വിഷുവിന് മുമ്പ് സഹായം; ബി ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd April 2020, 5:07 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലാണ് നാടുമുഴുവന്‍. സര്‍ക്കാരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഒരേപോലെ കൈകോര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്.

സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും കൊവിഡ് പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ശക്തമായി പിന്തുണയുമായി എത്തിയിട്ടുണ്ട്. കൊവിഡ് ഭീഷണിയില്‍ ഏറ്റവും ആദ്യം പ്രതിരോധത്തിലായത് സിനിമാ മേഖലയായിരുന്നു.

സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ച്ചതോടെ നിരവധി പേര്‍ക്കാണ് ജോലിയില്ലാതെയായത്. ഇത്തരത്തില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാനാണ് ഫെഫ്ക്കയുടെ തീരുമാനം.

സിനിമ അനുബന്ധ സംഘടനകളില്‍ നിന്നും അംഗങ്ങളില്‍ നിന്നും താരങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഈ തുക വിഷുവിന് മുമ്പ് തന്നെ തൊഴിലാളികളില്‍ എത്തിക്കമെന്നും അദ്ദേഹം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഫെഫ്ക്കയുടെ ഡ്രൈവേര്‍സ് യൂണിയന്റെ പിന്തുണയുമുണ്ട്. ഏതു ഘട്ടത്തിലും 400ഓളം വാഹനങ്ങളും ഡ്രൈവര്‍മാരേയും കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നല്‍കാമെന്ന് ഫെഫ്ക ഡ്രൈവേഴ്സ് യൂനിയന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വിവരം ഫെഫ്ക നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇതിന് പുറമെ അതിഥി തൊഴിലാളികള്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള അന്നം പദ്ധതിയും തിരുവന്തപുരത്തെ നഗരനിരത്തുകളില്‍ ജോലി ചെയ്യുന്ന പൊലിസുകാര്‍ക്ക് ചായക്കൊപ്പമുള്ള ലഘുഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതിയും ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.

DoolNews Video