Administrator
Administrator
ഇറുഡിയം ചേര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ക്കെതിരെ കോടതി മുന്നറിയിപ്പ്
Administrator
Friday 24th June 2011 2:46pm

കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന മൂലകങ്ങള്‍ ചേര്‍ക്കുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പ്. സ്വര്‍ണത്തില്‍ ഇറുഡിയം, റുഥേനിയം തുടങ്ങിയ മൂലകങ്ങള്‍ നിര്‍മ്മാതാക്കള്‍ ചേര്‍ക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് എ.കെ ബഷീര്‍, പി.ക്യൂ ബര്‍ക്കത്തലി, എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോടും അഡ്വ ജനറലിനോടും ആവശ്യപ്പെട്ടു.

സ്വര്‍ണാഭരണങ്ങളില്‍ ഇത്തരം മൂലകങ്ങള്‍ ഉപയോഗിക്കുന്നത് അര്‍ബുദത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എന്‍.ശങ്കരമേനോന്‍ അയച്ച കത്ത് സ്വമേധയാ ഹരജിയായി പരിഗണിക്കുകയായിരുന്നു കോടതി. നിലവില ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് നിയമപ്രകാരം നടപടി സാധ്യമല്ലെന്ന് ബിസ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സ്വര്‍ണാഭരണങ്ങളില്‍ ചേര്‍ക്കുന്ന ഇറിഡിയം, യുറേനിയം എന്നീ മൂലകങ്ങളാണ് അര്‍ബുദത്തിന് കാരണമാകുന്നത്. ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള സ്വര്‍ണ മിശ്രിതവും അവ വിളക്കിചേര്‍ക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇറുഡിയം, റുഥേനിയം മുക്തമായിരിക്കണമെന്ന് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനം ഉണ്ടെങ്കിലും വാണിജ്യ മന്ത്രാലയവും ഉപഭോക്തൃ മന്ത്രാലയവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം മൂലം നിയമഭേദഗതിയുടെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് ബിസ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിന് മുഖ്യ പരിഗണന നല്‍കാത്തത് വേദനാജനകമാണെന്നും കോടതി പറഞ്ഞു.

Advertisement