എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ബാലികേറാ മലയല്ല; റൂബെല്ല വാക്സിനെതിരെ കുപ്രചരണം നടത്തുന്നവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ആരോഗ്യ മന്ത്രി
എഡിറ്റര്‍
Sunday 19th November 2017 11:41pm

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പായ റൂബെല്ല വാക്സിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മലപ്പുറം ബാലികേറാമല അല്ല എന്നും കുപ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

59 ലക്ഷം കുട്ടികള്‍ക്ക് ഇതിനകം പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായാണ് കണക്ക്. തുടക്കം മുതലെ പ്രതിരോധ കുത്തിവെപ്പിന് മുഖം തിരിഞ്ഞ് നില്‍ക്കുന്ന മലപ്പുറം ജില്ലയാണ് കുത്തിവെപ്പെടുത്തതില്‍ ഏറ്റവും പുറകിലുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 56.44 ശതമാനം കുട്ടികള്‍ മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളത്.

കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തി കര്‍മ്മപദ്ധതി രൂപീകരിക്കാനാണ് മലപ്പുറത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി വിജയകരമാക്കാനും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി 11 ജില്ലകളില്‍ റൂബല്ലെ വാക്സിന്‍ കുത്തിവെപ്പ് ഈ മാസം 25 വരെ നീട്ടിയിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നീട്ടിയിരിക്കുന്നത്.


Also Read പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി നേതാവ്; ബന്‍സാലിയുടെയും ദീപികയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി വാഗ്ദാനം


മലപ്പുറത്ത് 12,60,493 കുട്ടികള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കാനുണ്ടായിരുന്നത്. സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കാനുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളതും മലപ്പുറത്താണ്. ക്യാമ്പെയിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 102310 കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തിരുന്നു. 131683 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയ തിരുവനന്തപുരം ജില്ലയ്ക്ക് തൊട്ട് പിറകിലായിരുന്നു മലപ്പുറം. പിന്നീട് കുപ്രചരണങ്ങളാല്‍ ക്രമാതീതമായി കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണം കുറയുകയായിരുന്നു.

ക്യാമ്പെയിനിന് തിരിച്ചടിയാവുന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മുന്നെ ആരോപണം ഉയര്‍ന്നിരുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഞ്ചാംപനി പിടിപെട്ടത് കേരളത്തിലാണെന്ന് കണക്കുകളില്‍ നിന്ന് മനസിലാകുന്നു. 20969 പേര്‍ക്കാണ് ഈ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ രോഗം പിടിപെട്ടത്.മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇതേ കാരണത്താലാണ്. 95% കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമാണ് റുബെല്ല, മീസില്‍സ് രോഗങ്ങളെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാനാവുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവിധ ജില്ലകളില്‍ നിന്ന് കലക്ടര്‍മാരും ഡി.എം.ഒ മാരും വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിതയും മുന്നെയും ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഇത് വാക്‌സിന്‍ വിരുദ്ധര്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവരും വാക്‌സിനെ അനുകൂലിക്കുന്നവരും വിലയിരുത്തുന്നത്.

Advertisement