എഡിറ്റര്‍
എഡിറ്റര്‍
ലിപ്സ്റ്റിക്കിട്ട് ലക്ഷ്മി ദേവി; ഫേഷ്യല്‍ ചെയ്ത് ഗണപതി; ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ജാവേദ് ഹബീബിനെതിരെ കേസ്
എഡിറ്റര്‍
Friday 8th September 2017 3:22pm

ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപണത്തില്‍ ഹെയര്‍ സ്റ്റൈലര്‍ ജാവേദ് ഹബീബിനെതിരെ കേസ്. ജാവേദ് ഹബീബ് സലൂണിന്റേതായി പത്രത്തില്‍ നല്‍കിയ പരസ്യമാണ് കേസിന് ആധാരം.

ഹിന്ദു ദേവന്‍മാരും ദേവികളും സലൂണിലെത്തി മേക്കപ്പ് ചെയ്യുന്നതായിരുന്നു ചിത്രത്തില്‍. ലക്ഷ്മീദേവിയും ദുര്‍ഗാദേവിയും സരസ്വതീ ദേവിയും ഗണപതിയും മുരുകനും സലൂണില്‍ എത്തി വിവിധ മേക്കപ്പുകള്‍ ചെയ്യുന്നതായിരുന്നു പരസ്യത്തില്‍ ചിത്രീകരിച്ചത്. ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണില്‍ എത്തുന്നു എന്നതായിരുന്നു പരസ്യവാചകം.

എന്നാല്‍ ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകനായ കെ. കരുണസാഗറാണ് സായ്ദാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐ.പി.സി സെക്ഷന്‍ 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇയാളെ ചോദ്യം ചെയ്യാനായി ഉടന്‍ തന്നെ വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഹബീബ് ഖേദപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അക്കാര്യം തങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് നല്‍കിയ മറുപടി.


Dont Miss ഗോമാതാവിനെ വെട്ടിനുറുക്കി പാക്ക് ചെയ്ത് അയച്ചുതരും; അവിടെ ഇരുന്ന് തിന്നിട്ട് വന്നാമതി: കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ


ഹിന്ദു ദൈവങ്ങളേയും ദേവിമാരേയും തികച്ചും മോശമായിട്ടാണ് പരസ്യങ്ങളില്‍ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണ്‍ സന്ദര്‍ശിക്കുന്നു എന്ന പരസ്യവാചകം തന്നെ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം തനിക്ക് തെറ്റുപറ്റിയതാണെന്നും മാപ്പ് നല്‍കണമെന്നും പറഞ്ഞ് ജാവേദ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കൊല്‍ക്കത്തയിലുള്ള തന്റെ അനുമതി വാങ്ങാതെയാണ് തന്റെ ബിസിനസ് പാര്‍ട്ണര്‍ ഇത്തരമൊരു പരസ്യം നല്‍കിയതെന്നും കഴിഞ്ഞ 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതം കത്രിക മാത്രമാണെന്നുമായിരുന്നു വീഡിയോയില്‍ ഇദ്ദേഹം പറഞ്ഞിരുന്നത്.

ആരുടേയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ മാപ്പപേക്ഷിക്കുന്നു. ഒരു മതത്തിന്റേയും വികാരം വ്രണപ്പെടുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല. മാധ്യമങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് തന്നെ പരസ്യം പിന്‍വലിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ജാവേദിനെതിരെ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയും പരാതി നല്‍കിയിട്ടുണ്ട്.

Advertisement