കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ തിരോധാനം; യെദ്യൂരപ്പയ്‌ക്കെതിരെ കേസ്
national news
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ തിരോധാനം; യെദ്യൂരപ്പയ്‌ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Saturday, 9th February 2019, 9:47 am

ന്യൂദല്‍ഹി: നിയമസഭയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്ന നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കടത്തിക്കൊണ്ടു പോയി എന്നാരോപിച്ച് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ്. യെദ്യൂരപ്പയെ കൂടാതെ ബി.ജെ.പിയുടെ മല്ലേശ്വരം എം.എല്‍.എ അശ്വന്ത് നാരായണിനെതിരെയും കേസുണ്ട്.

അഡ്വക്കറ്റ് ആര്‍.എല്‍.എ മൂര്‍ത്തി നല്‍കിയ പരാതിയില്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോയതായും, നിയസഭാ സാമാജികരെ നിയമവിരുദ്ധമായി പിടിച്ചു വെച്ചതായും ആരോപിക്കുന്നു.

2019 ബജറ്റ് അവതരണത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായി നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നാലു എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

Also Read മോദിയുടെ ത്രിപുര സന്ദര്‍ശനം ഇന്ന്; മൂന്ന് സി.പി.ഐ.എം എം.പിമാരും മോദിയെ ബഹിഷ്‌ക്കരിക്കും

സംസ്ഥാനത്ത് ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് യെദ്യൂരപ്പ പണം വാഗ്ദാനം ചെയ്തതിനുള്ള തെളിവുകളും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പുറത്തു വിട്ടിരുന്നു.

224 അംഗങ്ങളുള്ള കര്‍ണ്ണാടക നിയമസഭയില്‍ ബി.ജെ.പിക്ക് 104 സീറ്റുകളുണ്ട്. 30 സീറ്റുകളുള്ള ജെ.ഡി.എസും 80 സീറ്റുകളുള്ള കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് സംസ്ഥാനം ഭരിക്കുന്നത്.