എഡിറ്റര്‍
എഡിറ്റര്‍
മേയര്‍ വി.കെ പ്രശാന്തിനെതിരെയും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെയും ദളിത് പീഡനത്തിന് കേസ്
എഡിറ്റര്‍
Wednesday 22nd November 2017 8:45pm

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെതിരെയും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെയും ദളിത് പീഡന വിരുദ്ധ നിയമപ്രകാരം കേസ് എടുത്തു. ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേയര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ ചുമത്തിയ സമാന വകുപ്പുകളില്‍ തന്നെയാണ് മേയര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെയും മേയര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ജാതിപ്പേര് വിളിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. എല്‍.ഡി.എഫ് കൗണ്‍സിലറായ സിന്ധു ശശിയെയും സി. സത്യനെയുമാണ് ബി.ജെ.പി അംഗങ്ങള്‍ ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തത്.


Read more:   യോഗി നിങ്ങള്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ ? യു.പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്; 6 മാസത്തിനിടെ സംസ്ഥാനത്ത് 19 ഏറ്റുമുട്ടല്‍ കൊലകള്‍


സിന്ധുവിനെതിരെ പാളയം ബസ് സ്റ്റാന്റില്‍ നിന്നും സത്യനെതിരെ ആറ്റുകാല്‍ ആശുപത്രിക്ക് സമീപത്തുവെച്ചുമാണ് ആക്ഷേപങ്ങളുണ്ടായത്. ബി.ജെ.പി കൗണ്‍സിലര്‍മാരായ കരമന അജിത്ത്്, അനില്‍കുമാര്‍, ഗിരി, ജി.എസ് മഞ്ജു, സിമി ജോതിഷ് എന്നിവര്‍ക്കെതിരെയാണ് ദേശീയ, സംസ്ഥാന പട്ടികജാതി കമ്മീഷനുകള്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുള്ളത്.

അതേസമയം, ബി.ജെ.പിയുടെ ദളിത് വനിതാ കൗണ്‍സിലറെ ജാതിപ്പേര് വിളിച്ച അധിക്ഷേപിച്ചെന്ന പരാതിയിലാണ് മേയര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതോതുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ ചുമത്തിയ അതേ വകുപ്പുകളിലാണ് മേയര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. കഴിഞ്ഞ ശനിയാഴ്ച്ച കോര്‍പ്പറേഷന്‍ ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് കേസിനാധാരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

Advertisement