എഡിറ്റര്‍
എഡിറ്റര്‍
‘സ്പിരിറ്റ് ഇന്‍ ജീസസ്’ മേധാവിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; ടോം സ്‌കറിയയ്‌ക്കെതിരായ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയതായും ആരോപണം
എഡിറ്റര്‍
Friday 21st April 2017 7:17pm

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസിന്റെ മേധാവിയ്‌ക്കെതിരായ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആരോപണം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്‌കറിയ വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നായിരുന്നു തഹസില്‍ദാരുടെ റിപ്പോര്‍ട്ട്.

ഇയാളുടെ സഹോദരന്‍മാരായ ജിമ്മി സ്‌കറിയയും ബേബി സ്‌കറിയ എന്നിവരും വന്‍തോതില്‍ ഭൂമി കയ്യേറിയെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മൂന്നാര്‍ ദൗത്യകാലത്ത് തന്നെ ഇവര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നുവെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

മൂന്ന് വഷം മുന്‍പാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വ്യാജ പട്ടയങ്ങളും മറ്റും ഉപയോഗിച്ച് 500 ഏക്കറോളം ഭൂമിയാണ് ഇവര്‍ കയ്യേറിയത്.


Also Read: ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ട നേപ്പാളി യുവാവിന് ഫേസ്ബുക്കില്‍ മലയാളികളുടെ വക പൊങ്കാല


അതേസമയം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് ടോം സ്‌കറിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയായ പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ഇവര്‍ രണ്ട് പേരും ഒളിവില്‍ പോയിരിക്കുകയാണ്.

തൃശൂര്‍ ജില്ലയിലെ കുരിയച്ചിറ ആസ്ഥാനമാക്കിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. 24 വര്‍ഷം മുന്‍പ് തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായി എന്നാണ് സംഘടനാ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.


Don’t Miss: മഹാഭാരതത്തെക്കുറിച്ച് വിവാദ പരാമര്‍ശം; കമല്‍ഹാസന് തിരുനെല്‍വേലി കോടതി സമന്‍സ് 


മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ജീസസ് ഇന്‍ സ്പിരിറ്റ് ഉന്നയിക്കുന്നു. അതേസമയം മറ്റ് മുഖ്യധാരാ ക്രിസ്തീയ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. വ്യക്തി കേന്ദ്രീകൃത സഭയായതിനാലാണ് ഇത്.

ഇവരോട് സഹകരിക്കുന്നതിന് കത്തോലിക്കാ സഭയിലുള്ളവര്‍ക്ക് വിലക്കുണ്ട്. ഇവര്‍ സാത്താന്‍ ആരാധകരാണെന്നും മറ്റ് സഭകള്‍ പഠിപ്പിക്കുന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെട്ടിരുന്നു.

Advertisement