കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം; 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
kERALA NEWS
കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം; 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Monday, 5th February 2018, 11:36 pm

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്.

ബി.ജെ.പി പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്കാണ് നല്‍കിയിട്ടുള്ളത്. പ്രതികളെല്ലാം ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

ഇന്നലെയായിരുന്നു കുരീപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം നടന്നത്. കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ചാണ് അക്രമണമുണ്ടായത്.

വടയമ്പാടി സമരത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞപ്പോഴായിരുന്നു കൈയ്യേറ്റം.

ഇന്ത്യയിലെ വര്‍ഗ്ഗീയതയെക്കുറിച്ചും മറ്റും ഉദ്ഘാടന പ്രസംഗത്തില്‍ കുരീപ്പുഴ സംസാരിച്ചതില്‍ പ്രകോപിതരായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് കവി കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നു.