വൈറലായ നഗ്‌ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങ്ങിനെതിരെ കേസ്
Entertainment news
വൈറലായ നഗ്‌ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങ്ങിനെതിരെ കേസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th July 2022, 3:40 pm

 

രണ്‍വീര്‍ സിങ്ങിന്റെ നഗ്‌ന ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പ്രശംസിച്ചും വിമര്‍ശിച്ചും കമന്റുകളും ഉയര്‍ന്നിരുന്നു. പൂര്‍ണ നഗ്‌നനായാണ് അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തിയത്.

പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ഈ ഷൂട്ട്. എന്നാല്‍ ഇപ്പോള്‍ രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ്.

ഒരു എന്‍ജിഒ ഭാരവാഹിയാണ് രണ്‍വീറിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. പബ്ലിസിറ്റിക്കുള്ള ശ്രമമാണെന്നും ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഐ.ടി ആക്ട്, ഐ.പി.സി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി നടനെതിരെ കേസെടുക്കണമെന്നാണു പരാതി നല്‍കിയ ആളുടെ ആവശ്യം.

1972-ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കോണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയായിരുന്നു പേപ്പര്‍ മാസികയ്ക്ക് വേണ്ടി നടത്തിയ രണ്‍വീറിന്റെ ഫോട്ടോഷൂട്ട്. ‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് പേപ്പര്‍ മാഗസിന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.

താരം നടത്താറുള്ള ഫോട്ടോ ഷൂട്ടുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. വേറിട്ട ലൂക്കും കോസ്റ്റിയൂമും രണ്‍വീര്‍ പരീക്ഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ ഷൂട്ട് ലുക്കുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലാണ് അദ്ദേഹമിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആലിയ ഭട്ട്, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Case against Ranveer Singh because of the viral nude photo shoot