എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്ന് കാണിച്ച് ഹര്‍ദിക് പട്ടേലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു
എഡിറ്റര്‍
Thursday 12th October 2017 2:53pm

വാരാണസി: ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് രണ്ട് വര്‍ഷം മുന്‍പ് ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാജ്‌കോട്ട് കളക്ടര്‍ വിക്രന്ത് പാണ്ഡെയാണ് കേസ് പിന്‍വലിക്കുന്നതായുള്ള ഉത്തരവ് പാസ്സാക്കിയത്. ഇന്ത്യന്‍ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ഹാര്‍ദിക് പട്ടേലിനെതിരെ രാജ്‌കോട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതി പിന്‍വലിക്കുകയാണെന്ന് കളക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയില്‍ ഹര്‍ദിക് പട്ടേലിനെതിരെ ഒരു എഫ്.ഐ.ആര്‍ മാത്രമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ബാക്കി നടപടികള്‍ കോടതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം തന്നെ പട്യാദാര്‍ അനാമത് ആന്തോളന്‍ പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഹര്‍ദിക് പട്ടേലിനെയും സംഘത്തെയും പോലീസ് തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഹര്‍ദിക് പട്ടേല്‍ കാറിനു മുകളില്‍ കയറി നിന്നു കൈവശം ഉണ്ടായിരുന്ന ദേശീയ പതാകയെടുത്ത് വീശുകയായിരുന്നു.

പിന്നീട് പോലീസ് ഹര്‍ദിക്കിനെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ ഹാര്‍ദിക് ദേശീയ പതാക കാലു കൊണ്ട് ചവിട്ടിയെന്നായിരുന്നു കേസ്. പഥാരി പോലീസ് സ്റ്റേഷനിലാണ് ഹര്‍ദിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Advertisement