ഓട് ബോബി  ഓട് പിന്നാലെ പോലീസുണ്ട്: അധിക പലിശ ഈടാക്കിയ ബോബിയ്‌ക്കെതിരെ കേസ്
Daily News
ഓട് ബോബി ഓട് പിന്നാലെ പോലീസുണ്ട്: അധിക പലിശ ഈടാക്കിയ ബോബിയ്‌ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Friday, 20th June 2014, 10:08 pm

[] കോഴിക്കോട്: അധിക പലിശ ഈടാക്കിയതിനെ തുടര്‍ന്ന് ചെമ്മണ്ണൂര്‍ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് പാളയം ചെമ്മണ്ണൂരില്‍ നിന്ന് പണം കടമെടുത്തിരുന്ന ജ്യോതീന്ദ്രന്‍ പാലാട്ട് നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി.

ബോബി ചെമ്മണ്ണൂര്‍ ഒന്നാം പ്രതിയായ കേസില്‍ ജ്വല്ലറി സ്റ്റാഫായ മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. ശ്രീകുമാര്‍, എ.കെ സിബീഷ്, ജോണ്‍ തൃശൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

##പണം കടം കൊടുക്കല്‍ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസ് രജിസ്ട്രര്‍ ചെയ്ത നടക്കാവ് പോലീസ് ചെമ്മണ്ണൂര്‍ ജ്വല്ലറി മനേജറുടെ എരഞ്ഞിപ്പാലത്തെ വീട് റെയ്ഡ് ചെയ്യുകയും ജ്യോതീന്ദ്രന്‍ ഈട് നല്‍കിയ ഭൂമിയുടെ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

1997 ല്‍ പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് ജ്യോതീന്ദ്രന്‍ 50000 രൂപ കടമെടുത്തിരുന്നു. 12.8 സെന്റോളം ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. 2500 രൂപയായിരുന്നു പ്രതിമാസ പലിശ.  ഏകദേശം മൂന്നരലക്ഷം രൂപയോളം ജ്യോതീന്ദ്രന്‍ ഇതിനോടകം നല്‍കിയിരുന്നു.

എന്നാല്‍ ഭൂമി തിരികെ ചോദിച്ചപ്പോള്‍ 78000 രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുകയായിരുന്നു. ഇതിന തടുര്‍്ന്ന് ജ്യോതീന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കൊള്ളപലിശ ഈടാക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേര സജീവമായതിന് പിറകെയാണ് ബോബിയ്ക്ക് തിരിച്ചടി കിട്ടയിരിക്കുന്നത്.