എഡിറ്റര്‍
എഡിറ്റര്‍
ദേശീയപതാക വലിച്ചുകീറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്: കീറിയെറിഞ്ഞത് എന്‍.എസ്.എസുകാര്‍ ഉയര്‍ത്താനിരുന്ന പതാക
എഡിറ്റര്‍
Saturday 28th January 2017 11:15am

indiaflag

കോലഞ്ചേരി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബി.ജെ.പി മണ്ഡലം ഭാരവാഹികളടക്കം എട്ട് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ ദേശീയപതാക വലിച്ചുകീറി എറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.

മഴുവന്നൂര്‍ പഞ്ചായത്തിലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമായ കാവാട്ടുവീട്ടില്‍ കെ.ബി രാജന്‍, കൈപ്പിള്ളില്‍ കെ സത്യന്‍, ശ്രീനിലയത്തില്‍ ശ്രീകുമാര്‍വാര്യര്‍, കുറുങ്ങാട്ടുവീട്ടില്‍ ഗോപകുമാര്‍, വിശ്വനാഥന്‍, നെടുമ്പിള്ളില്‍ സുദര്‍ശനന്‍, കാവാട്ട് കെ.ജി ശശിധരന്‍, ബി. മണി എന്നിവരെ പ്രതിയാക്കിയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഐരാപുരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ ഭാരവാഹികള്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെ.ബി രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം പതാക ഉയര്‍ത്തുന്നത് തടസ്സപ്പെടുത്തുകയും ദേശീയപതാക ബലമായി പിടിച്ചുവാങ്ങി കീറി എറിയുകയുമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ദേശീയ പതാകയോട് അനാദരവ് കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി യോഗം ചേര്‍ന്ന ഐരാപുരം എന്‍.എസ്.എസ് കരയോഗം ഭരണസമിതി കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് എസ്.ഐ ദിലീഷിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

രാജ്യസ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്ന ബി.ജെ.പിക്കാര്‍ അണികളുടെ ഈ രാജ്യസ്‌നേഹത്തിന് എന്ത് മറുപടി നല്‍കുമെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. കേസിലെ പ്രതികള്‍ക്ക് പാക്കിസ്ഥാനിലേക്ക് ഒരു ടിക്കറ്റ് എടുക്കുമോയെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പരിഹസിക്കുന്നു.

Advertisement